തൊണ്ടര്‍നാട്: തൊണ്ടര്‍നാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മക്കിയാട് എടത്തറ കോളനിയില്‍ താമസിക്കുന്ന വെള്ളന്‍ (52) നെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. മക്കിയാട് ഞാറലോട് സ്വദേശി തടത്തില്‍ കൊച്ച് എന്ന വര്‍ഗീസ് (52)നെയാണ് മാനന്തവാടി ഡി.വൈ.എസ്.പി എ.പി ചന്ദ്രന്‍ , വെള്ളമുണ്ട സി.ഐ എന്‍.എ സന്തോഷ്, തൊണ്ടര്‍നാട് എസ്.ഐ എ.യു ജയപ്രകാശടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലുണ്ടായ തര്‍ക്കത്തില്‍ വര്‍ഗീസ് ചുറ്റിക കൊണ്ട് വെള്ളന്റെ തലക്കടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ വെള്ളന്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു.
ഇന്നലെ രാത്രിയിലാണ് സംഭവം. മദ്യം വാങ്ങിയ പണവുമായ് ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്. വെള്ളന്റെ വീട്ടില്‍ വെച്ചായിരുന്നു വാക്ക് തര്‍ക്കം. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ചുറ്റിക വെച്ച് വര്‍ഗ്ഗീസ് വെളളന്റെ തലക്കടിക്കുകയായിരുന്നു.
കണ്ണിന് സമീപം അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് ബോധരഹിതനായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിച്ച വെള്ളന്‍ ചികിത്സക്കിടെയാണ് മരിച്ചത്. പ്രതിക്കെതിരെ കൊലപാതക കുറ്റവും, അതോടൊപ്പം എസ്.സി. എസ്. ടി അതിക്രമ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. വൈകുന്നേരം പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.