ഓണ്‍ലൈൻ തട്ടിപ്പില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ മലയാളികൾക്ക് നഷ്ടമായത് 617.59 കോടി രൂപ. ഇതില്‍ ആകെ തിരികെ കിട്ടിയത് 9.67 കോടി രൂപ മാത്രം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഞെട്ടിക്കുന്ന വിവരം നിയമസഭയില്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബർ മുതല്‍ മേയ് വരെയുളള കണക്കാണിത്.
പ്രൊഫഷണലുകളാണ് കൂടുതലായും കെണിയില്‍പ്പെട്ടത്. മൊബൈലില്‍ എത്തുന്ന ഒടിപി വഴിയാണ് പ്രധാനമായും പണം തട്ടിയെടുത്തത്. ഇത് കൂടാതെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ വഴിയും തട്ടിപ്പ് സംഘം വലവിരിക്കുന്നുണ്ട്. ലോണ്‍ ആപ്പ്, ഓണ്‍ലൈൻ ഗെയിം, സിബിഐ ചമഞ്ഞുള്ള ഭീഷണി തുടങ്ങി വിവിധ മാർഗങ്ങളാണ് മലയാളികളെ പറ്റിക്കാനായി ഉപയോഗിച്ചത്.
ഉന്നത ഉദ്യോഗസ്ഥർ അടക്കം തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. പ്രധാനമായും ഉത്തരേന്ത്യൻ സംഘങ്ങളുടെ കെണിയിലാണ് മലയാളികള്‍ കൂടുതലായും വീണത്. അതിനാല്‍ അന്വേഷണത്തിനും പരിമിധിയുണ്ട്.