ബ്ലഡ് പ്രഷര്‍(രക്ത സമ്മര്‍ദ്ദം) എപ്പോഴും നിശബ്ദ കൊലയാളിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഹൃദയം, തലച്ചോറ്, വൃക്കകള്‍, ധമനികള്‍ എന്നിവയെ മുന്നറിയിപ്പില്ലാതെ തകരാറിലാക്കുന്ന ഒരു മാരകമായ അവസ്ഥയാണ്. രക്താതിമര്‍ദ്ദത്തിന്റെ അപകടാവസ്ഥയും വര്‍ദ്ധിച്ചുവരുന്ന കേസുകളും കണക്കിലെടുത്ത്, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും (AHA) അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയും (ACC) രക്തസമ്മര്‍ദത്തെക്കുറിച്ചുള്ള പ്രധാന കാര്യങ്ങളും അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നും വിശദീകരിക്കുന്ന പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
എന്താണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
രക്തത്തിന്റെ ശക്തി ധമനികളുടെ ഭിത്തികളില്‍ അമര്‍ത്തുമ്പോഴാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത്. മുകളിലെ സംഖ്യ (സിസ്റ്റോളിക്) എന്നും താഴെയുള്ള സംഖ്യ (ഡയസ്റ്റോളിക്) എന്നും രണ്ട് സംഖ്യകള്‍ ഉപയോഗിച്ചാണ് രക്തസമ്മര്‍ദ്ദം അളക്കുന്നത്.
എത്രയും വേഗം നടപടിയെടുക്കുന്നുവോ അത്രയും വേഗം പരിഹാരം ലഭിക്കും
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തലച്ചോറിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് തലച്ചോറിനെ ബാധിക്കുകയും ഡിമെന്‍ഷ്യയ്ക്ക് സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. രക്തസമ്മര്‍ദ്ദത്തിലെ ചെറിയ വര്‍ദ്ധനവ് പോലും ഓര്‍മ്മശക്തിയെ ഇല്ലാതാക്കും. രക്തസമ്മര്‍ദ്ദം കണക്കാക്കാന്‍ 130 mm Hg യില്‍ താഴെ എന്ന പുതിയ (മുകളിലെ സംഖ്യ) അളവാണ് അസോസിയേഷന്‍ ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്നത്.
പക്ഷാഘാത സാധ്യത വര്‍ദ്ധിക്കുന്നു
ഹൃദയാഘാതം ഉണ്ടാകാനുളള പ്രധാന അപകട ഘടകങ്ങളിലൊന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. പുതുക്കിയ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് 140/90 mm Hg അല്ല, 130/80 mm Hg ആണ് പുതിയ നോര്‍മല്‍ വാല്യു.
സംഖ്യകള്‍ ഒരു വലിയ പങ്ക് വഹിക്കുന്നു
രക്തസമ്മര്‍ദ്ദത്തെ ആറ് പ്രധാന വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: സാധാരണ (120 ല്‍ താഴെ), ഉയര്‍ന്നത് (120-129), ഘട്ടം 1 രക്താതിമര്‍ദ്ദം (130-139), ഘട്ടം 2 രക്താതിമര്‍ദ്ദം (140 അല്ലെങ്കില്‍ അതില്‍ കൂടുതല്‍), കഠിനമായ രക്താതിമര്‍ദ്ദം (180 ല്‍ കൂടുതല്‍), രക്താതിമര്‍ദ്ദ അടിയന്തരാവസ്ഥ (180 ല്‍ കൂടുതല്‍).