ദമ്ബതികള്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്ന് 20 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കഞ്ചാവ് കടത്തു സംഘത്തിലെ അംഗങ്ങളായ ആര്യനാട് പറണ്ടോട് സ്വദേശി മനോജ് (23), ഭാര്യ പാലക്കാട് സ്വദേശി ഭുവനേശ്വരി (24) എന്നിവർ താമസിച്ച വീട്ടില്‍നിന്നാണ് വൻ കഞ്ചാവ് വേട്ട. കിടപ്പുമുറിയില്‍ മൂന്ന് പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.
എക്സൈസിനെ കണ്ടതോടെ കഞ്ചാവ് ബാത്ത് റൂമില്‍ കൊണ്ടുപോയി നശിപ്പിക്കാൻ ഇരുവരും ശ്രമിച്ചു. ഭുവനേശ്വരിയെ സംഘം പിടികൂടിയതോടെ മനോജ് ഓടി രക്ഷപ്പെട്ടു. ആലപ്പുഴയിലും സമാനമായ കേസില്‍ പ്രതിയാണ് ഇയാളെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
നേരത്തെ നെടുമങ്ങാട് പത്താംകല്ല് ഭാഗത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. രണ്ടുമാസം മുമ്ബാണ് രണ്ടരവയസുള്ള പെണ്‍കുഞ്ഞുമായി ഇവിടേക്ക് താമസം മാറിയത്. ഗുജറാത്തിലെ സ്വകാര്യ കമ്ബനിയില്‍ മികച്ച ജോലിയുണ്ടായിരുന്ന ഭുവനേശ്വരി ഫേസ്‌ബുക്ക് വഴിയാണ് മനോജിനെ പരിചയപ്പെട്ടതും വിവാഹം ചെയ്തതും. രണ്ടരവയസുകാരി ദമ്ബതികളുടെ മകളാണെന്ന് മനോജിന്റെ ബന്ധുക്കള്‍ അറിയിച്ചു.ഇതേതുടർന്ന് കുട്ടിയെ മനോജിന്റെ മാതാവിന് കൈമാറി.
ഇരുവരും പകല്‍സമയത്ത് വീടിന് പുറത്തിറങ്ങാറില്ല. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് എക്സൈസ് സർക്കില്‍ ഇൻസ്പെക്ടർ എസ്.ജി.അരവിന്ദിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കഞ്ചാവ് കടത്തിന് മനോജിന്റെ സഹായിയായ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് സി.ഐ അറിയിച്ചു. അസി.എക്സൈസ് ഇൻസ്പെക്ടർ വി.അനില്‍കുമാർ,രഞ്ജിത്ത്, പ്രിവന്റീവ് ഓഫീസർമാരായ ബിജു, നജിമുദ്ദീൻ, പ്രശാന്ത്, സജി, ഡ്രൈവർ ശ്രീജിത്ത്, ഡബ്ലിയു.സി.ഇ.ഓമാരായ ഷീജ, രജിത, അശ്വതി എന്നിവരും സംഘത്തിലുണ്ടായിരുന്നു.