അഹമ്മദാബാഗ്: ഐപിഎല്ലിലെ വാശിയേറിയ രണ്ടാം ക്വാളിഫയര്‍ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിംഗ്സിന് തകര്‍പ്പൻ ജയം. 204 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ കളി പിടിച്ചു. 87 റൺസ് നേടി പുറത്താകാതെ നിന്ന നായകൻ ശ്രേയസ് അയ്യരുടെ അപരാജിത ഇന്നിംഗ്സാണ് പഞ്ചാബിന്റെ വിജയത്തിൽ നിര്‍ണായകമായത്.
പവര്‍ പ്ലേയിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും മികച്ച സ്കോര്‍ കണ്ടെത്താൻ പഞ്ചാബിന് സാധിച്ചിരുന്നു. പ്രഭ്സിമ്രാൻ സിംഗിനും (8) പ്രിയാൻഷ് ആര്യയ്ക്കും (20) തിളങ്ങാനാകാതെ പോയത് പഞ്ചാബിനെ പ്രതിരോധത്തിലാക്കി. ജസ്പ്രീത് ബുമ്രയെറിഞ്ഞ അഞ്ചാം ഓവറിൽ ജോഷ് ഇംഗ്ലിസ് 20 റൺസാണ് അടിച്ചെടുത്തത്. 6 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ഇംഗ്ലിസിന്റെ മികവിൽ പഞ്ചാബ് 2 വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എന്ന നിലയിലെത്തി. എന്നാൽ, 8-ാം ഓവറിൽ ഇംഗ്ലിസിനെ മുംബൈ നായകൻ ഹാര്‍ദിക് പാണ്ഡ്യ മടക്കിയയച്ചു. 21 പന്തിൽ 38 റൺസ് നേടിയാണ് ഇംഗ്ലിസ് മടങ്ങിയത്.