ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി ജിമ്മില്‍ പോകുകയും യോഗ ചെയ്യുകയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. എന്നാല്‍, അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികിത്സാ ചിലവുകള്‍ താങ്ങാനാവാത്തവയായി മാറിയേക്കാം. ഇവിടെയാണ് ശരിയായ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത്. ഒരു നല്ല ഇന്‍ഷുറന്‍സ് പോളിസി തിരഞ്ഞെടുക്കുന്നത് ഭാവിയില്‍ ഉണ്ടാകാവുന്ന ഭീമമായ ചികിത്സാ ബില്ലുകളില്‍ നിന്ന് രക്ഷിക്കാന്‍ സഹായിക്കും.
ഹൃദയസംബന്ധമായ രോഗങ്ങളും അവയുടെ വ്യാപ്തിയും
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഓരോ വര്‍ഷവും ഏകദേശം 1.79 കോടി ആളുകളാണ് ഹൃദയസംബന്ധമായ രോഗങ്ങള്‍ കാരണം മരണപ്പെടുന്നത്. ഇതില്‍ 80% മരണങ്ങളും ഹൃദയാഘാതം, പക്ഷാഘാതം എന്നിവ മൂലമാണ് സംഭവിക്കുന്നത്. ഇതിലും ഞെട്ടിക്കുന്ന ഒരു വസ്തുത, ഈ മരണങ്ങളില്‍ മൂന്നിലൊന്ന് 70 വയസ്സില്‍ താഴെയുള്ള ആളുകള്‍ക്ക് സംഭവിക്കുന്നു എന്നതാണ്. അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി, അമിതമായ മദ്യപാനം എന്നിവയാണ് ഹൃദ്രോഗങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങള്‍. കൂടാതെ, വായു മലിനീകരണവും ഒരു പ്രധാനഘടകമാണ്.
ചികിത്സാ ചിലവുകളും ഇന്‍ഷുറന്‍സിന്റെ ആവശ്യം
ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് ഭീമമായ പണച്ചെലവ് വരും. ആശുപത്രിയില്‍ കിടക്കുന്നതിനുള്ള ചിലവുകള്‍ മാത്രം പതിനായിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെയാകാം. ഇത് ചികിത്സയുടെ സ്വഭാവം, രോഗത്തിന്റെ തീവ്രത, ആശുപത്രിയുടെ നിരക്കുകള്‍ എന്നിവയെ ആശ്രയിച്ചിരിക്കും. ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് ആളുകള്‍ മാറാന്‍ തുടങ്ങിയെങ്കിലും, ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ആവശ്യം ഇപ്പോഴും നിലനില്‍ക്കുന്നു.