തിരുവനന്തപുരം: കൊല്ലത്തെ സ്കൂൾ വിദ്യാർഥി മിഥുന്‍റെ ദാരുണ മരണത്തിന് പിന്നാലെ കണ്ണ് തുറന്ന് വൈദ്യുതി വകുപ്പ്. സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന സമയ ബന്ധിതമായി നടത്താന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി നിര്‍ദ്ദേശം നല്‍കി. അടുത്തകാലത്ത് നടന്ന വിവിധ വൈദ്യുതി അപകടങ്ങളുടെ കാരണങ്ങള്‍ പരിശോധിച്ചതിൽ വൈദ്യുതി ലൈനുകളുടെ സുരക്ഷാ പരിശോധന വീഴ്ച കൂടാതെ നടത്തി ഉചിത പരിഹാര നടപടികൾ ഊർജ്ജിതമാക്കേണ്ടതുണ്ടെന്ന് കാണുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് വൈദ്യുതി അപകടങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ നല്‍കുന്നതും ഗുണപ്രദമായിരിക്കുമെന്ന് കരുതുന്നതായി മന്ത്രി വിവരിച്ചു.
സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന കാര്യക്ഷമമായും സമയബന്ധിതമായും പൂർത്തിയാക്കുന്നതിന് കെ എസ് ഇ ബിയും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കണമെന്നും വൈദ്യുതി വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. സ്കൂളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. അമ്മ സുജയും അച്ഛൻ മനുവും അന്ത്യചുംബനം നൽകി. അനിയൻ സുജിനാണ് മിഥുന്റെ അന്ത്യകർമ്മങ്ങൾ ചെയ്തതും ചിതയ്ക്ക് തീ കൊളുത്തിയതും. ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ അതിവൈകാരിക നിമിഷങ്ങളായിരുന്നു. കരഞ്ഞ് തളര്‍ന്ന് ശബ്ദം ഇല്ലാതായ പ്രിയപ്പെട്ടവര്‍ക്കിടയിൽ നിന്നാണ് മിഥുന്‍ എന്നെന്നേയ്ക്കുമായി യാത്ര പറഞ്ഞകന്നത്. ചെറിയ വീടിന്‍റെ പിന്നാമ്പുറത്താണ് മിഥുന് അന്ത്യവിശ്രമമൊരുക്കിയത്. സ്കൂളിൽ വെച്ച് കളിക്കുന്നതിനിടെ സ്കൂളിലെ ഷെഡ്ഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് മിഥുന് ദാരുണാന്ത്യം സംഭവിച്ചത്. 17ാം തീയതിയാണ് സ്കൂളിൽ വെച്ച് അപകടമുണ്ടാകുന്നത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ കേരളത്തിന്‍റെയാകെ മനസ് ഉലയ്ക്കുന്നതായിരുന്നു. എന്‍ സി സിയുളള സ്കൂളിൽ ചേരാൻ വേണ്ടിയാണ് മിഥുൻ തേവലക്കര സ്കൂളിലേക്ക് എത്തിയത്. ഫുട്ബോളറാകാനും ആഗ്രഹമുണ്ടായിരുന്നു മിഥുന്. മകന്റെ നിശ്ചല ശരീരത്തിന് മുന്നിൽ കണ്ണിമ ചിമ്മാതെ, കരയാതെ ഒറ്റയിരുപ്പിരിക്കുന്ന അമ്മ സുജയുടെ ചിത്രം കണ്ടുനിന്നവരുടെയെല്ലാം നെഞ്ചുപൊള്ളിക്കുന്നതായിരുന്നു. വിതുമ്പിക്കരഞ്ഞുകൊണ്ടാണ് സുജ മകന് അന്ത്യചുംബനം നല്‍കിയത്. മകനെ കാണാൻ ഇങ്ങനെ വരാനായിരുന്നില്ല സുജ ആഗ്രഹിച്ചത്. കുടുംബത്തെ കര കയറ്റാനായി വിദേശത്തേക്ക് ജോലി തേടി പോയ സുജ 4 മാസത്തിന് ശേഷം തിരികെ വന്നത് മകന്റെ ചേതനറ്റ ശരീരത്തിന് മുന്നിലേക്കാണ്. തുർക്കിയിലേക്ക് വീട്ടുജോലിക്ക് പോയ സുജ ഇന്ന് രാവിലെയാണ് നാട്ടിലേക്ക് തിരികെയെത്തിയത്. കണ്ടുനിൽക്കാൻ കഴിയാത്ത വിധത്തിലുള്ള വൈകാരിക നിമിഷങ്ങളാണ് ഉണ്ടായത്