ഓഗസ്റ്റ് 30ന് നടക്കാനിരിക്കുന്ന ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി ജില്ലയിലെ ഉദ്യോഗസ്ഥരുടെ പ്രീ-ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലയിലെ വിവിധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.
വികസന സമിതി യോഗത്തിലെ അജണ്ടകളിൽ ഓരോ വകുപ്പും സ്വീകരിച്ച നടപടികൾ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
പദ്ധതികളുടെ വിശദമായ തൽസ്ഥിതി വിവരങ്ങൾ ഓരോ വകുപ്പും ലഭ്യമാക്കണമെന്നും സമയബന്ധിതമായി നടപടികൾ സ്വീകരിച്ച് റിപ്പോര്‍ട്ട് അറിയിക്കണമെന്നും കളക്ടര്‍ നിര്‍ദേശം നൽകി. അതിദരിദ്രരായ പട്ടിക വിഭാഗക്കാരുടെ ഭവന നിര്‍മാണ പദ്ധതി, വന്യമൃഗങ്ങൾ കാരണമായുണ്ടാകുന്ന കൃഷി നാശത്തിനുള്ള നഷ്ടപരിഹാര വിതരണം, ദേശീയപാതയോരത്തെ കാടുകൾ നീക്കം ചെയ്യൽ, പാതയോരങ്ങളിലെ അപകടകരമായ മരങ്ങൾ നീക്കം ചെയ്യൽ തുടങ്ങിയ പ്രവൃത്തികളിലെ പുരോഗതി യോഗം വിലയിരുത്തി നിര്‍ദേശങ്ങൾ നൽകി. ജില്ലാ പ്ലാനിങ് ഓഫീസര്‍ ഇൻ ചാര്‍ജ് കെ എസ് ശ്രീജിത്ത്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.