മാരകമായ പല പകർച്ചവ്യാധികൾക്കും കാരണമായ കൊതുകുകളെ തുരത്താൻ സാമൂഹ്യ പങ്കാളിത്തത്തിന് ആഹ്വാനം ചെയ്ത് ലോക കൊതുക് ദിനാചരണ ജനകീയ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. സ്വന്തം വീട്ടിലെയും ചുറ്റുപാടിലെയും കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനുള്ള പൊതുജന അവബോധത്തിലൂടെ മാത്രമേ കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കാനും കൊതുകുമുക്ത വയനാടെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനും സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് മെമ്പർ എ എൻ സുശീല അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് മെമ്പർ വസന്തകുമാരി കൊതുകുമുക്ത വയനാടിനായി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ‘കൊതുകുജന്യ രോഗങ്ങളുടെ പ്രതിരോധത്തിലും നിയന്ത്രണത്തിലും സാമൂഹ്യ ഇടപെടൽ’ എന്ന വിഷയത്തിൽ ബേഗൂർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. നീതു ചന്ദ്രൻ ബോധവൽക്കരണ പ്രഭാഷണം നടത്തി.
ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ കെ എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ പി എം ഫസൽ, ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റ് ഹെൽത്ത് ഇൻസ്പെക്ടർ സനോജ് കുമാർ, ബേഗൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പീറ്റർ അബ്രഹാം എന്നിവർ സംസാരിച്ചു.
കൊതുകു ലാർവകളെകുറിച്ചും നിയന്ത്രണ മാർഗങ്ങളെകുറിച്ചും ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റ് ഒരുക്കിയ പ്രദർശനം ശ്രദ്ധേയമായി.1897 ൽ സർ റൊണാൾഡ് റോസ് മലമ്പനിക്ക് കാരണമായ കൊതുകുകളെ കണ്ടെത്തിയതിന്റെ സ്മരണക്കായാണ് ലോകമെമ്പാടും ആഗസ്ത് 20 ലോക കൊതുക് ദിനമായി ആചരിക്കുന്നത്. ക്യാംപയിനിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും കൊതുകുനിവാരണ ബോധവത്കരണ പരിപാടികൾ നടക്കും.