ടോയ്‌ലെറ്റില്‍ പോകുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്ന് ഫ്ളോറിഡ ആസ്ഥാനമായുള്ള പ്രമുഖ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റായ ഡോ. ജോസഫ് സല്‍ഹാബ്. ഇത് ഒരു നിരുപദ്രവകരമായ ശീലമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും അദ്ദേഹം പറയുന്നു. ടോയ്‌ലെറ്റില്‍ ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ഫോണ്‍ നിങ്ങളുടെ വിസര്‍ജ്യത്തില്‍ നിന്നുള്ള ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമാകുമെന്ന വസ്തുതയ്ക്ക് പുറമേ ദീര്‍ഘനേരം ടോയ്ലറ്റില്‍ ഇരിക്കുന്നത് മൂലക്കുരു സാധ്യത വര്‍ധിപ്പിക്കുമെന്നും ഡോ സല്‍ഹാബ് പറയുന്നു.
ഫോണില്‍ സ്‌ക്രോള്‍ ചെയ്ത് ഒരുപാട് നേരം ടോയ്‌ലെറ്റില്‍ ഇരിക്കുന്നതിലൂടെ മലാശയത്തിലെ സിരകളില്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്ത് മൂലക്കുരുവിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ഡോക്ടര്‍ പറയുന്നത്. പൈല്‍സ് എന്നും അറിയപ്പെടുന്ന മൂലക്കുരു, ഗുദത്തിലോ മലാശയത്തിലോ ഉള്ള വീര്‍ത്ത സിരകളാണ്. ഇത് ആന്തരികമാകാം, മലാശയത്തിനുള്ളില്‍ ആകാം, അല്ലെങ്കില്‍ മലദ്വാരത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിന് താഴെ ബാഹ്യമായും കാണപ്പെടാമെന്നും ഡോക്ടര്‍ പറയുന്നു.
ഇനി മലബന്ധം മൂലം ടോയ്‌ലെറ്റില്‍ കുറേ സമയം ചെലവഴിക്കുന്നുണ്ടെങ്കില്‍ അത് തടയുന്നതിനുള്ള ചില ഫലപ്രദമായ കാര്യങ്ങളും ഡോക്ടര്‍ പറയുന്നുണ്ട്. കിവി പഴം, ഡ്രാഗണ്‍ ഫ്രൂട്ട്, ആപ്പിള്‍, പിയേഴ്‌സ്, പ്‌ളം, വിറ്റാമിന്‍ സി തുടങ്ങിയവ കഴിക്കണം. മഗ്‌നീഷ്യം ഓക്‌സൈഡ് അല്ലെങ്കില്‍ മഗ്‌നീഷ്യം സിട്രേറ്റ് പോലുള്ള വസ്തുക്കള്‍ അടങ്ങിയ സപ്ലിമെന്റ് കഴിക്കുന്നതും മലബന്ധം അകറ്റും.