ഭാഷ ദേശ വൈവിധ്യങ്ങളില്ലാതെ ലോകമെമ്പാടും നിറഞ്ഞ സദസ്സിൽ മുന്നേറുകയാണ് ദുൽഖറിറെ വേഫെറർ ഫിലിംസ് ചിത്രം “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”. ഇപ്പോഴിതാ റിലീസായി മൂന്നാം വാരമാകുമ്പോൾ 226 ലേറ്റ് നൈറ്റ് ഷോസുമായി ലോക മുന്നേറുകയാണ്. മലയാളത്തിൽ തന്നെ ഇത് മൂന്നാം ആഴ്ചയിൽ ഏറ്റവും കൂടുതൽ ലേറ്റ് നൈറ്റ് ഷോസാണ്. വിദേശ മാർക്കറ്റിൽ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിക്കൊണ്ട് മലയാളത്തിന്‍റെ അഭിമാനമായി എല്ലാ ഭാഷകളിലും വൻ ജനപിന്തുണയോടെ ‘ലോക’ കളക്ഷനിൽ കുതിക്കുകയാണ്.
മാധ്യമങ്ങള്‍ തോറും ‘ലോക’യും ‘ലോക’യുമായി ബന്ധപ്പെട്ട വാർത്തകളുമാണ് ഇപ്പോഴും സെർച്ച് ലിസ്റ്റിലുള്ളത്. ബുക്ക് മൈ ഷോ ടിക്കറ്റ് സെയിൽസിൽ 40 ലക്ഷം കടന്നും മുന്നേറുകയാണ് സിനിമയുടെ ബുക്കിംഗ്. പ്രായഭേദമന്യേ ഏവരും ചിത്രം ഏറ്റെടുത്തുകഴിഞ്ഞതായാണ് ലോകത്താകമാനം നിന്ന് വരുന്ന റിപ്പോർട്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” വിദേശത്ത് നിന്ന് 100 കോടിയിലധികം കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായിരിക്കുകയാണ്. 200 കോടി ആഗോള കളക്ഷൻ പിന്നിട്ട ലോക മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രവുമായി 250 കോടി നേട്ടത്തിലേക്ക് കുതിക്കുകയാണ്.