റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബര്‍ 16, 17 തീയ്യതികളിൽ മുട്ടിൽ ഡബ്ല്യൂഒവിഎച്ച്എസിൽ വെച്ച് നടക്കും. ഹൈസ്കൂൾ, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളിൽ സബ്‍ജില്ലാ തലങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന വിദ്യാര്‍ത്ഥികളാണ് ജില്ലാ ശാസ്ത്രോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. മേളയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി മുട്ടിൽ ഡബ്ല്യൂഒവിഎച്ച്എസിൽ വെള്ളിയാഴ്ച സംഘാടക സമിതി രൂപീകരിച്ചു.
പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു, ഐ സി ബാലകൃഷ്ണൻ എംഎൽഎ, ടി സിദ്ധിഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കൽപ്പറ്റ നഗരസഭ ചെയര്‍മാൻ ടി ജെ ഐസക്, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ജില്ലാ പൊലീസ് സൂപ്രണ്ട് തപോഷ് ബസുമതാരി എന്നിവര്‍ രക്ഷാധികാരികളായി രൂപം നൽകിയ സംഘാടക സമിതിയുടെ അധ്യക്ഷൻ ടി സിദ്ധിഖ് എംഎൽഎയാണ്. വിവിധ പ്രവര്‍ത്തനങ്ങൾക്കായി 12 സബ് കമ്മിറ്റികൾക്കും രൂപം നൽകിയിട്ടുണ്ട്. വിവിധ അധ്യാപക സംഘടനകൾക്കാണ് കമ്മിറ്റികളുടെ ചുമതല നൽകിയിരിക്കുന്നത്. ഇവയുടെ കൺവീനര്‍മാര്‍, ചെയര്‍മാൻ, വൈസ് ചെയര്‍മാൻ, അംഗങ്ങൾ തുടങ്ങിയവരെയും സംഘാടക സമിതി രൂപീകരണ യോഗത്തിൽ തെരഞ്ഞെടുത്തു. മേളയുടെ ബജറ്റ് ഉൾപ്പെടെയുള്ള മറ്റ് സംഘാടന കാര്യങ്ങളും ചര്‍ച്ച ചെയ്തു.
മുട്ടിൽ ഡബ്ല്യഎംഒ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അയിഷ കാര്യങ്ങൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ നിഷ സുധാകരൻ, മേരി സിറിയക്, നസീമ, വാര്‍ഡ് മെമ്പര്‍മാര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി എ ശശീന്ദ്രവ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി വി മൻമോഹൻ, ഡെപ്യൂട്ടി കളക്ടര്‍ മിനി കെ തോമസ്, വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥര്‍, അധ്യാപക സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികൾ തുടങ്ങിയവര്‍ പങ്കെടുത്തു.