കല്‍പ്പറ്റ ഗവ. ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയ അധിക സൗകര്യങ്ങള്‍ സി.കെ ശശീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പേവാര്‍ഡ്, 45 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സ്, 50 ലക്ഷം രൂപ വിനിയോഗിച്ചുളള മൂന്ന് വെന്റിലേറ്ററുകള്‍ എന്നിവയാണ് പുതുതായി ഒരുക്കിയ സൗകര്യങ്ങള്‍. ഇതിനായി ആകെ 1 കോടി 45 ലക്ഷം രൂപ വിനിയോഗിച്ചു. ചടങ്ങില്‍ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് അനുവദിച്ച ഒരു വെന്റിലേറ്ററും എം.എല്‍.എ കൈമാറി.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ ആദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷ കുമാരി, കല്‍പ്പറ്റ നഗരസഭ സ്ഥിരം സമിതി അംഗം സി.കെ. ശിവരാമന്, വൈത്തിരി ഗ്രാമപഞ്ചായത്ത് അംഗം എന്‍.ഒ. ദേവസി, ജനറല്‍ ആശുപത്രി സൂപ്രണ്ട് ശ്രീകുമാര്‍ മുകുന്ദന്, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.