ബെംഗളൂരു: ഹെല്‍മെറ്റില്ലാതെ യാത്രചെയ്തതിന് ദമ്പതിമാരില്‍നിന്ന് ട്രാഫിക് പോലീസ് ആവശ്യപ്പെട്ട പിഴ 500 രൂപ. കൈയില്‍ പണമില്ലെന്ന് പറഞ്ഞിട്ടും പോലീസ് ഇവരെ വെറുതെവിട്ടില്ല. ഒടുവില്‍ യുവതി നടുറോഡില്‍നിന്ന് താലിമാല ഊരിനല്‍കിയതോടെ പോലീസുകാര്‍ നടുങ്ങി. ഇത് കണ്ടെത്തിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സംഭവത്തില്‍ ഇടപെട്ടതോടെ ദമ്പതിമാരെ വിട്ടയക്കുകയും ചെയ്തു.
ദിവസങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയിലെ ബെലഗാവിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളിലാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. യുവതിയും പോലീസുകാരും തമ്മിലുള്ള സംഭാഷണത്തിന്റെയും താലിമാര ഊരിനല്‍കുന്നതിന്റെയും വീഡിയോയാണ് വൈറലായത്. ഇതോടെ സംഭവം വാര്‍ത്തയാവുകയായിരുന്നു.
ഹുക്കേരി സ്വദേശിയായ ഭാരതി വിഭൂതി എന്ന യുവതിയാണ് പിഴ അടക്കാനില്ലാത്തതിനാല്‍ താലിമാല ഊരിനല്‍കിയതെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവദിവസം ഭര്‍ത്താവിനൊപ്പം ബൈക്കില്‍ ബെലഗാവിയിലെത്തിയ യുവതി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പോലീസ് തടഞ്ഞത്. ഹെല്‍മെറ്റില്ലാതെ യാത്രചെയ്തതിന് 500 രൂപ പിഴ അടക്കണമെന്നായിരുന്നു പോലീസിന്റെ ആവശ്യം.
തങ്ങളുടെ കൈയില്‍ പണമില്ലെന്നും കിടക്ക വാങ്ങാനാണ് നഗരത്തിലെത്തിയതെന്നും ദമ്പതിമാര്‍ പോലീസിനോട് പറഞ്ഞു. കിടക്കയ്ക്ക് 1700 രൂപ ചിലവായി. ബാക്കിയുണ്ടായിരുന്ന നൂറ് രൂപയ്ക്ക് ഭക്ഷണവും കഴിച്ചു. ഇനി കൈയില്‍ പണമില്ലെന്ന് ദമ്പതിമാര്‍ ആവര്‍ത്തിച്ചു പറഞ്ഞു. പക്ഷേ, പോലീസുകാര്‍ ഇതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. രണ്ട് മണിക്കൂറോളം പോലീസുകാരോട് സംസാരിച്ചെങ്കിലും പിഴ അടയ്ക്കാതെ പോകാനാവില്ലെന്നായിരുന്നു നിലപാട്. ഇതിനൊടുവിലാണ് ഭാരതി നടുറോഡില്‍നിന്ന് താലിമാല ഊരിനല്‍കിയത്. മാല വിറ്റ് ലഭിക്കുന്ന പണംകൊണ്ട് പിഴ അടച്ചോളൂ എന്നുപറഞ്ഞാണ് യുവതി താലിമാല ഊരി പോലീസുകാര്‍ക്ക് നല്‍കിയത്. സംഭവം കൈവിട്ടുപോകുമെന്ന് ഭയന്നതോടെ പോലീസുകാരും പരിഭ്രാന്തരായി. ഒടുവില്‍ സ്ഥലത്തെത്തിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വിവരങ്ങള്‍ ആരായുകയും ദമ്പതിമാരെ വിട്ടയക്കുകയുമായിരുന്നു.