കൽപ്പറ്റ:ഡിസിസി ജനറൽ സെക്രട്ടറി പി.കെ അനിൽകുമാറിന് പിന്നാലെ വയനാട്ടിൽ മഹിളാ നേതാവ് കോൺഗ്രസ് വിട്ട് സിപിഐ എമ്മിനൊപ്പം ചേർന്നു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ സുജയാ വേണുഗോപാലാണ് കോൺഗ്രസിൽനിന്നും രാജിവച്ച് സിപിഐ എമ്മിനൊപ്പം ചേർന്നത്. കോൺഗ്രസ് നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിയെന്നും ഇടതുപക്ഷത്തിനൊപ്പം പൊതുപ്രവർത്തനം തുടരുമെന്നും സുജയ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷം കേരളത്തിൽ മികച്ച ഭരണമായിരുന്നു. ഇതും സിപിഐ എമ്മിൽ ചേരാൻ പ്രചോദനമായെന്ന് അവർ പറഞ്ഞു.
കോൺഗ്രസ് നേതാവും കേരള കെട്ടിട നിർമാണത്തൊഴിലാളി കോൺഗ്രസ് (കെകെഎൻടിസി) വയനാട് ജില്ലാ പ്രസിഡന്റുമായ എൻ വേണുഗോപാലിന്റെ ഭാര്യയാണ്. സിപിഐ എം കൽപ്പറ്റ മണ്ഡലം വികസന വിളംബര ജാഥയ്‌ക്ക് മേപ്പാടിയിൽ നൽകിയ സ്വീകരണത്തിൽ സുജയ പങ്കെടുത്തു. പാർടി സംസ്ഥാന കമ്മിറ്റി അംഗം സി.കെ ശശീന്ദ്രൻ എംഎൽഎ ഹാരാർപ്പണം ചെയ്‌ത് സ്വീകരിച്ചു.
ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയും വയനാട് ഡിസിസി ജനറൽസെക്രട്ടറിയുമായ പി കെ അനിൽകുമാർ കഴിഞ്ഞദിവസം കോൺഗ്രസിൽനിന്നും രാജിവച്ച് എൽജെഡിയിൽ ചേർന്നിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള നേതാക്കളുടെ രാജി കോൺഗ്രസിന് കനത്ത ആഘാതമായി.