ഗുജറാത്തിലെ സൂറത്തില്‍ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മധ്യപ്രദശ് റേവാ സ്വദേശി സുജിത് സകേത് (27) ആണ് പിടിയിലായത് . കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനോടുള്ള പ്രതികാരമായാണ് കുറ്റ കൃത്യം ചെയ്തതെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി.
ഏപ്രില്‍ 30‑നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ പോയ പെണ്‍കുട്ടിയെ ചോക്ലേറ്റ് നല്‍കിയാണ് സുജിത് താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. ഇതിനിടെ പെണ്‍കുട്ടി നിലവിളിച്ചതോടെ കല്ല് കൊണ്ട് ക്രൂരമായി മര്‍ദിക്കുകയും പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു.
ഇതിനിടെ, കാണാതായ പെണ്‍കുട്ടിക്കായി വീട്ടുകാരും ബന്ധുക്കളും അന്വേഷണം തുടങ്ങിയിരുന്നു . സംഭവത്തില്‍ പോലീസിലും പരാതി നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശവാസികളായ ഒട്ടേറെപേരെ പോലീസ് ചോദ്യം ചെയ്തു. ഇതിനിടെയാണ് സുജിത്തിനെക്കുറിച്ച് ചിലരുടെ സംശയം ഉയര്‍ന്നത് . തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ കേസിന്റെ ചുരുളഴിയുകയായിരുന്നു.
അതെ സമയം രണ്ട് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവും സുജിത്തും തമ്മില്‍ ശത്രുതയുണ്ടായിരുന്നു .ഇതിന്റെ പ്രതികാരമായിട്ടാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പോലീസിനോട് വെളിപ്പെടുത്തിയത് .
അറസ്റ്റ് ചെയ്ത പ്രതിയെ കോവിഡ് പരിശോധനയ്ക്ക് ശേഷം പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.