രാജ്യത്തെ അതിസമ്പന്നരില്‍ പലര്‍ക്കും 2022ല്‍ ശതകോടീശ്വര സ്ഥാനം നഷ്ടമായി. അതേസമയം, കമ്പനികളിലെ പ്രൊമോട്ടര്‍മാരില്‍ ചിലര്‍ കൂടുതല്‍ സമ്പന്നരാകുകയും ചെയ്തു. ഒരു ബില്യണ്‍ ഡോളര്‍, അതായത് 8,241 കോടി രൂപ ആസ്തിയുള്ളവരുടെ എണ്ണം 142ല്‍നിന്ന് 120 ആയാണ് കുറഞ്ഞത്. ശതകോടീശ്വരന്മാരായ പ്രൊമോട്ടര്‍മാരുടെ മൊത്തം ആസ്തിയാകട്ടെ 8.8ശതമാനം കുറഞ്ഞ് 685 ബില്യണ്‍ ഡോളറായി. ഒരു വര്‍ഷം മുമ്പുള്ള 751.6 ബില്യണ്‍ ഡോളറില്‍നിന്നാണ് ഈ ഇടിവുണ്ടായത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി. സമ്പന്നരുടെ പട്ടികയില്‍ അത്ഭുതകരമായ പ്രകടനം കാഴ്ചവെച്ചത് അദാനിയാണ്. 2021ന്റെ അവസാനത്തോടെ അദാനിയുടെ ആസ്തിയിലുണ്ടായ വര്‍ധന 69.6ശതമാനമാണ്. അതായത് മൊത്തം ആസ്തി 135.7 ബില്യണ്‍ ഡോളറായി. ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായെന്നുമാത്രമല്ല, ലോകത്തെ അതിസമ്പന്നരില്‍ മൂന്നാം സ്ഥാനവും അദ്ദേഹം പിടിച്ചെടുത്തു.
അംബാനിയുടെ സ്വത്തില്‍ 2.5ശതമാനമാണ് കുറവുണ്ടായത്. അതായത് അദ്ദേഹം ഉള്‍പ്പെടുന്ന കുടുംബത്തിന്റെ മൊത്തം ആസ്തി 104.4 ബില്യണ്‍ ഡോളറില്‍നിന്ന് 101.75 ബില്യണ്‍ ഡോളറായി. റഷ്യ-യുക്രൈന്‍ സംഘര്‍ഷം, പണപ്പെരുപ്പത്തിലെ കുതിപ്പ്, ഉത്പന്ന വിലയിലെ ചാഞ്ചാട്ടം, വികസിത രാജ്യങ്ങളിലെ നിരക്ക് വര്‍ധന സംബന്ധിച്ച ആശങ്ക- തുടങ്ങിയവ മൂലം ആഗോളതലത്തിലും രാജ്യത്തും ഓഹരി വിപണി തിരിച്ചടി നേരിട്ടതാണ് സമ്പന്നരെ ബാധിച്ചത്.
രാജ്യത്തെ ശതകോടീശ്വരന്മാരില്‍ മൂന്നു പേരുടെ മാത്രം ആസ്തിയിലാണ് വര്‍ധനവുണ്ടായത്. ഗൗതം അദാനി, സണ്‍ ഫാര്‍മയുടെ ദിലീപ് സാഘ് വി, ഭാരതി എയര്‍ടെലിന്റെ സുനില്‍ മിത്തല്‍ എന്നിവരാണവര്‍. മൊബൈല്‍ താരിഫ് വര്‍ധനവ്, സുസ്ഥിരമായ ബിസിനസ് അന്തരീക്ഷം എന്നിവയാണ് ഭാരതി എയര്‍ടെലിന് നേട്ടമാക്കാനായത്. ഇന്ത്യയിലെയും വടക്കേ അമേരിക്കയിലെയും ബിസിനസിലെ വളര്‍ച്ചയാണ് സണ്‍ ഫാര്‍മയിലൂടെ ദീലീപ് നേട്ടമാക്കിയത്.