കൽപ്പറ്റ : പിന്നോക്ക ന്യൂനപക്ഷ വിഭാഗത്തോട് കാലങ്ങളായി കേന്ദ്ര-കേരള സർക്കാറുകൾ തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നും, പിന്നോക്ക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ വകവെച്ച് കൊടുക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇന്ത്യൻ ഭരണഘടന പ്രത്യേക പരിരക്ഷയും കരുതലും വാഗ്ദാനം ചെയ്യപ്പെടുന്ന വിഭാഗമായ ന്യൂനപക്ഷ സമൂഹത്തിന് സ്വാതന്ത്ര്യാനന്തരം അരുടെ ക്ഷേമത്തിനായി ഏറെ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഇന്നും പിന്നാക്കം നിൽക്കുന്ന സമൂഹം തന്നെയാണ് ന്യൂനപക്ഷങ്ങളെന്നും, പല ക്ഷേമപദ്ധതികളും ഫലപ്രദമായി നടപ്പാവാത്തതാണ് ഇതിന് കാരണം മെന്നും എസ്.കെ. എസ്.എസ്.എഫ് കലക്ടറേറ്റ് മാർച്ചിലൂടെ അവകാശപ്പെട്ടു.
അതിനിടെയാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ പുതിയ ബജറ്റിൽ ന്യൂനപക്ഷങ്ങളുടെ വിവിധ ക്ഷേമപദ്ധതികൾക്കുള്ള വിഹിതം വലിയ തോതിൽ വെട്ടിച്ചുരുക്കകയും വിവിധ സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും നിർത്തലാക്കുകയും ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് നിലവിലുള്ള സ്കോളർഷിപ്പുകൾ അപേക്ഷകർക്ക് നൽകുകയും ചെയ്യുന്നില്ല.
ന്യൂനപക്ഷമായതിൻ്റെ പേരിൽ ഏറെ വിവേചനം നേരിടുകയും അർഹതപ്പെട്ട ക്ഷേമപദ്ധതികൾ നിഷേധിക്കുകയും ചെയ്യുന്നത് കടുത്ത അനീതിയാണന്നും ചൂണ്ടിക്കാട്ടി. രാജ്യത്തിൻ്റെ മുഖ്യധാരയിലേക്ക് എല്ലാ വിഭാഗത്തിനും ഉയർന്ന് വരാൻ അവസരമുണ്ടാവേണ്ടത് ജനാധിപത്യപരമായ അവകാശം കൂടിയാണ്. ആയതിനാൽ ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് വ്യക്തമാക്കി. മേൽ വിഷയങ്ങൾ ഉന്നയിച്ച് ജില്ലാ കലക്ടർക്ക് നിവേദനം സമർപ്പിക്കുകയും ചെയ്തു.
കേന്ദ്ര-കേരള സർക്കാരുകളുടെ ന്യൂനപക്ഷ അവകാശ നിഷേധത്തിനെതിരെയുള്ള എസ്.കെ.എസ്.എസ്. എഫ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. എസ്.കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി അംഗം മുഹ്‌യുദ്ദീൻ കുട്ടി യമാനി അദ്ധ്യക്ഷനായി. ഖാസിം ദാരിമി പന്തിപ്പൊയിൽ മുഖ്യ പ്രഭാഷണം നടത്തി. എസ് വൈ എസ് ജില്ലാ സെക്രട്ടറി കെ. എ നാസർ മൗലവി, ജില്ലാ ഭാരവാഹികളായ ജാഫർ മില്ലമുക്ക്, ശംസുദ്ദീൻ വാഫി, മുജീബ് പനമരം, അഫ്സൽ ചുണ്ട, ശിഹാദ് മൗലവി, റാഷിദ് വാഫി, സ്വാദിഖ് മുട്ടിൽ, സലാം തലപ്പുഴ, ഷാഫി ദ്വാരക, അസീസ് ഫൈസി, അയ്യൂബ് മുട്ടിൽ, തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലാ പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് വാഫി സ്വാഗതവും, മുഹമ്മദ് റഹ്മാനി നന്ദിയും പറഞ്ഞു.