സ്കൂളുകളില്‍ 220 പ്രവൃത്തിദിനങ്ങള്‍ ഉറപ്പാക്കാൻ സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ പുതിയ അധ്യയനവര്‍ഷത്തെ പകുതി ശനിയാഴ്ചകള്‍ ക്ലാസുണ്ടാവും.
വിദ്യാഭ്യാസ ഗുണനിലവാരസമിതി യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ച കരട് അക്കാദമിക് കലണ്ടറിലാണ് 220 പ്രവൃത്തിദിനത്തിനുള്ള നിര്‍ദേശം. ഇക്കാര്യം കഴിഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വി. ശിവൻകുട്ടിയും ശരിവെച്ചു. ഇതോടെ, ഈവര്‍ഷം അധ്യയനദിവസങ്ങള്‍ കൂട്ടാനാണ് സര്‍ക്കാര്‍തീരുമാനമെന്ന് വ്യക്തമായി.
ഇക്കഴിഞ്ഞ അധ്യയനവര്‍ഷം ഇരുനൂറോളം പ്രവൃത്തിദിനങ്ങളുണ്ടായിരുന്നു. കോവിഡിനെത്തുടര്‍ന്ന് മുൻവര്‍ഷങ്ങളില്‍ ഇതുസാധിച്ചില്ല.
പുതിയ കലണ്ടറനുസരിച്ച്, ആറുമാസം മൂന്നു ശനിയാഴ്ചകള്‍ പ്രവൃത്തിദിനമായിരിക്കും. മൂന്നുമാസം രണ്ടുശനിയാഴ്ചകള്‍ പ്രവൃത്തിദിനവും ഒരുമാസം മുഴുവൻ ശനിയാഴ്ചകളും പ്രവൃത്തിദിനമാകും. ജൂണ്‍, സെപ്റ്റംബര്‍, ഒക്ടോബര്‍, ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരിക്കും മൂന്നുശനിയാഴ്ചകള്‍വീതം ക്ലാസുകളുണ്ടാവുക.
ജൂലായില്‍ എല്ലാശനിയാഴ്ചയും പ്രവൃത്തിദിനമായിരിക്കും.
ഓഗസ്റ്റ്, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രണ്ടുവീതം ശനിയാഴ്ച പ്രവൃത്തിദിനമാക്കാനാണ് നിര്‍ദേശം. മൊത്തം 28 ശനിയാഴ്ചകളില്‍ ക്ലാസ് നടത്തി 220 അധ്യയനദിവസങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം.
വി.എച്ച്.എസ്.ഇ.യില്‍ 221 പ്രവൃത്തിദിനങ്ങള്‍ വേണമെന്നാണ് നിര്‍ദേശം. ഹയര്‍സെക്കൻഡറിയില്‍ 192 പ്രവൃത്തിദിനങ്ങളേ നിര്‍ദേശിച്ചിട്ടുള്ളൂ. ചുരുങ്ങിയത് ആയിരം മണിക്കൂര്‍, അധ്യയനവര്‍ഷം ഉറപ്പാക്കണമെന്നാണ് വിദ്യാഭ്യാസ അവകാശനിയമത്തിലെ വ്യവസ്ഥ.
ഇപ്പോള്‍ത്തന്നെ പലകാരണങ്ങളാല്‍ അധ്യയനം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ട്. കുട്ടികള്‍ക്ക് പഠനമുറപ്പാക്കാൻ അവസരമൊരുക്കുകയെന്നതാണ് പ്രവൃത്തിദിനം കൂട്ടാൻ സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദം. കുട്ടികള്‍ക്ക് പഠനഭാരം കൂടുമെന്നാണ് അധ്യാപകസംഘടനകളുടെ എതിര്‍വാദം. ഇത് വിദ്യാഭ്യാസനിലവാരത്തെ ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.