കല്‍പറ്റ: ആദായനികുതി നടപടികൃമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഫേസ്ലെസ് അസസ്മെന്‍റ് സ്കീമിനെക്കുറിച്ച് വയനാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ വെബ്ബിനാര്‍ സംഘടിപ്പിച്ചു. വയനാട് ഇന്‍കംടാക്സ് ഓഫീസര്‍ ശ്രീ. സന്ദേശ് വി. പുതിയ രീതിയെക്കുറിച്ച് വിശദീകരിച്ചു. വയനാട് ചേംബര്‍ ഓഫ് കോമേഴ്സും ബത്തേരി റോട്ടറിക്ലബ്ബുമായും സഹകരിച്ചാണ് വെബ്ബിനാര്‍ സംഘടിപ്പിച്ചത്.
സത്യസന്ധരായ നികുതിദായകരെ ആദരിക്കുക എന്നതാണ് ഫേസ് ലെസ് അസസ്മെന്‍റു കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ശ്രീ. സന്ദേശ് പറഞ്ഞു. ആദായ നികുതി പരിശോധനകള്‍ എല്ലാം ഇ-പ്രോസസിംഗ് ആകുന്നതുകൊണ്ട് നടപടി ക്രമങ്ങളില്‍ കൂടുതല്‍ സുതാര്യത കൈവരുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിവധ തട്ടിലുള്ള പരിശോധനകളെക്കുറിച്ചും വിശകലനങ്ങളെക്കുറിച്ചുമെല്ലാം വെബ്ബിനാര്‍ വിശദീകരിച്ചു. ചേംബര്‍ ഓഫ് കോമേഴ്സ് ജനറല്‍ സെക്രട്ടറി ശ്രീ. ഇ.പി. മോഹന്‍ദാസ് സ്വാഗതവും ബത്തേരി റോട്ടറി ക്ലബ് പ്രസിഡന്‍റ് ശ്രീ ഇ.വി. വിനയന്‍ നന്ദിയും പറഞ്ഞു. വയനാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ശ്രീ. പ്രജിത്ത് കുമാര്‍, ശ്രീ. സി. ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.