ശ്രേയസ് ദിനം, അധ്യാപക ദിനം,ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.
ചുള്ളിയോട് :ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ചുള്ളിയോട് യൂണിറ്റിൽ പ്രസിഡന്റ് ഒ.ജെ. ബേബി ശ്രേയസ് പതാക ഉയർത്തി.അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ആനീസ് ടീച്ചറെ ഷാൾ അണിയിച്ച് ആദരിച്ചു. ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് അമ്പലവയൽ പോലീസ് സ്റ്റേഷനിലെ സനൽ സാർ നേതൃത്വം നൽകി.ലിസി രാജു,ഉഷ ഷാജു,ഷൈജ ശശിധരൻ എന്നിവർ സംസാരിച്ചു.
കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
മേപ്പാടി തിനപുരം പിലാക്കൽ വീട്ടിൽ സിറാജ് വി.കെയാണ് പിടിയിലായത്. തിനപുരം ടൗണിൽ നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും 1.858 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
ഗ്യാനേഷ് കുമാർ വോട്ട് ഘാതകൻ പി. ഇസ്മായിൽ
ഭരണഘടന പൗരനു നൽകുന്ന വോട്ടവകാശം ഉറപ്പിക്കുന്നതിന് പകരം വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റുന്ന വോട്ട് ഘാതകനാണ് ഗ്യാനേഷ് കുമാറെന്ന് യൂത്ത്ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ അഭിപ്രായപെട്ടു. കൽപ്പറ്റ നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. പ്രസിഡന്റ് സലീം മേമന അധ്യക്ഷത വഹിച്ചു.ബി ജെ പി ക്ക് ഭരണം പിടിക്കാൻ വേണ്ടിയാണ് എസ് ഐ ആർ അട്ടിമറിക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ നേതൃത്വം നൽകുന്നത്. സംശയാസ്പദ വോട്ടർമാരെ സൃഷ്ടിച്ച് പൗരത്വം റദ്ദ് ചെയ്യാനുള്ള ശ്രമമാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നത്. വോട്ടില്ലാത്തവർക്ക് റേഷനും ക്ഷേമ ആനുകൂല്യങ്ങളും നിഷേധിക്കുന്ന നിലപാടുകൾ അതിന്റെ ഉദാഹരണമാണ്.കുറ്റം സമ്മതിക്കുന്ന രീതിയിലുള്ള ഇലക്ഷൻ കമ്മീഷന്റെ പ്രഖ്യാപനങ്ങൾ പരിഹാരമല്ല. കുറ്റവാളിയായ ഗ്യാനേഷ് കുമാറിനെ വിചാരണ ചെയ്യാനും എസ് ഐ ആർ നടപടികൾ താൽക്കാലികമായി നിർത്തിവെക്കാനും ഭരണകൂടം തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമാരായ എൻ. കെ. റഷീദ്, റസാഖ് കൽപ്പറ്റ, അഡ്വ : എം. സി. എം. ജമാൽ,എസ്. ടി. യു. ജില്ലാ പ്രസിഡന്റ് സി. മൊയ്തീൻ കുട്ടി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ഹനീഫ, നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ വടകര മുഹമ്മദ്, പനന്തറ മുഹമ്മദ് , അബൂബക്കർ സിദീഖ്, അലവി വടക്കേതിൽ, യൂത്ത് ലീഗ് ഭാരവാഹികളായ സി. എച്. ഫസൽ, ഷമീർ കാഞ്ഞായ്, കെ. കെ. ഷാജി തുടങ്ങിയവർ സംസാരിച്ചു.ജനറൽ സെക്രട്ടറി കടവൻ ഹംസ സ്വാഗതവും ട്രഷറർ സി. ഇ. ഹാരിസ് നന്ദിയും പറഞ്ഞു.
ഐടി വകുപ്പിന് ഇനി പുതിയ പേര്; 'വിവരസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ്'
തിരുവനന്തപുരം: ഐടി വകുപ്പിന്റെ പേര് മാറ്റി സംസ്ഥാന സര്‍ക്കാര്‍. വിവരസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ് (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഫ്യൂച്ചര്‍ ടെക്നോളജീസ്) എന്ന പേരിലാകും ഇനി ഐടി വകുപ്പ് അറിയപ്പെടുക. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.വകുപ്പിന്റെ ചുമതലകളും പ്രവര്‍ത്തനമേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 2026ലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രഖ്യാപിച്ച കേരളത്തിന്റെ സാങ്കേതിക ദിശാബോധവുമായി ബന്ധപ്പെട്ടാണ് ഐടി വകുപ്പിന്റെ പേര് മാറ്റാനുള്ള നിലവിലെ തീരുമാനം. ഇന്നാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനമെടുത്തത്.
യുവാവ് പുഴയിൽ മുങ്ങി മരിച്ചു.
പുൽപ്പള്ളി: കബനി പുഴയിലെ തേൻമാവിൻ കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുത്തൻക്കുന്ന് നെല്ലിവയൽ ഉന്നതിയിലെ ബിനീഷ് ആണ് മുങ്ങി മരിച്ചത്. ഫയർഫോഴ്സ്, പോലീസ്, കടത്ത് തോണിക്കാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ബിനീഷിൻ്റെ മൃതദേഹം കണ്ടെത്തി യത് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയായിരുന്നു സംഭവം.
രാജീവ് ഫൗണ്ടേഷൻ സംസ്ഥാന ക്യാമ്പ് സമാപിച്ചു.
കൽപ്പറ്റ: സാമൂഹിക, സാംസ്കാരിക, സംഘടനാ മേഖലകളിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ നിർദേശങ്ങളും ആശയങ്ങളും ചർച്ച ചെയ്ത് രാജീവ് ഫൗണ്ടേഷൻ സംസ്ഥാന ക്യാമ്പിന് സമാപനം. രണ്ട് ദിവസമായി പുത്തൂർവയൽ എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ നടന്ന സംസ്ഥാന ക്യാമ്പിന്റെ സമാപന സമ്മേളനം റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. റഷീദ് പറമ്പൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. ടി. ജെ. ഐസക്, പി. പി. ആലി, എം. എ. ജോസഫ്, ഗോകുൽദാസ് കോട്ടയിൽ, കബീർ പി., സിബി ജോസഫ്, അഡ്വ. വിപിനാഥ്, അഡ്വ. ഹസീന മുനീർ, മണക്കാട് രാജേഷ് വി വി ഫിറോസ് എന്നിവർ സംസാരിച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ക്യാമ്പിൽ സമകാലിക സാമൂഹിക സാഹചര്യങ്ങൾ, സംഘടനാ പ്രവർത്തനങ്ങളുടെ വിപുലീകരണം, യുവജനങ്ങളുടെ പങ്കാളിത്തം, സാമൂഹിക ഇടപെടലുകൾ, സാംസ്കാരിക പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിവിധ സെഷനുകളിലായി ചർച്ചകൾ നടന്നു.സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നതിനും ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള നിർദേശങ്ങൾ ക്യാമ്പിൽ ഉയർന്നു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള ആശയങ്ങളും പ്രതിനിധികൾ പങ്കുവെച്ചു.രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്നുള്ള പ്രതിനിധികളുടെ സജീവ പങ്കാളിത്തമുണ്ടായി. വിവിധ മേഖലകളിലെ അനുഭവങ്ങളും ആശയങ്ങളും പങ്കുവെച്ച ക്യാമ്പ് സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് കൂടുതൽ ദിശാബോധം നൽകുന്നതായി.
വിമാനയാത്രയ്ക്ക് ചെലവേറും? ഇന്ധനവിലയിൽ വൻ വർധന; ലിറ്ററിന് 137 രൂപ
തിരുവനന്തപുരം :വിമാനയാത്രയ്ക്ക് വീണ്ടും ചെലവേറാൻ സാധ്യത. രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾക്ക് ഉപയോഗിക്കുന്ന വിമാന ഇന്ധനത്തിന്റെ വില ഒക്ടോബർ 1 മുതൽ ലിറ്ററിന് 16 രൂപ വർധിപ്പിച്ചു. ഇതോടെ വിമാന ഇന്ധനത്തിന്റെ വില ലിറ്ററിന് 121 രൂപയിൽ നിന്ന് 137 രൂപയായി. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിൽ വലിയൊരു പങ്ക് ഇന്ധനത്തിനായതിനാൽ പുതിയ വിലവർധന വിമാന ടിക്കറ്റ് നിരക്കുകളിലും പ്രതിഫലിക്കാനുള്ള സാധ്യതയുണ്ട്. ഇന്ധനച്ചെലവ് വർധിച്ചതോടെ അധിക ബാധ്യത യാത്രക്കാരിലേക്ക് കൈമാറുമോ എന്നതാണ് ആശങ്ക.
അക്കൗണ്ടില്‍ നിന്ന് പണം കുറയുന്നുണ്ടോ? ബാങ്ക് നിങ്ങള്‍ അറിയാതെ ഈ ചാര്‍ജുകള്‍ ഈടാക്കുന്നുണ്ടാകാം
ബാങ്ക് അക്കൗണ്ടില്‍ പണം ഉണ്ടെന്നും ഇടപാടുകളൊന്നും നടത്തിയിട്ടില്ലെന്നും കരുതുക. എന്നിട്ടും അക്കൗണ്ടിലെ തുക പതുക്കെ കുറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?. പണം പിന്‍വലിക്കാതെയും ഓണ്‍ലൈന്‍ ഇടപാട് നടത്താതെയും അക്കൗണ്ടില്‍ നിന്ന് തുക കുറയാന്‍ പല കാരണങ്ങളുമുണ്ട്. മിനിമം ബാലന്‍സ് പാലിക്കാത്തതിനുള്ള ചാര്‍ജ്, എടിഎം പരിധി കഴിഞ്ഞുള്ള ഉപയോഗം, ഡെബിറ്റ് കാര്‍ഡ് ഫീസ്, SMS അലര്‍ട്ട് പോലുള്ള സേവനങ്ങളുടെ നിരക്ക് തുടങ്ങി പല ചെറിയ ചാര്‍ജുകളും ചേര്‍ന്നാല്‍ വര്‍ഷം കഴിയുമ്പോള്‍ നല്ലൊരു തുക കുറഞ്ഞിട്ടുണ്ടാവാം.മിനിമം ബാലന്‍സ് ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടുംചില സേവിങ്സ് അക്കൗണ്ടുകളില്‍ നിശ്ചിത തുക മിനിമം ബാലന്‍സായി സൂക്ഷിക്കണമെന്ന നിബന്ധനയുണ്ടാകും. അക്കൗണ്ടിലെ ശരാശരി ബാലന്‍സ് നിശ്ചിത പരിധിക്ക് താഴെയായാല്‍ ബാങ്കുകള്‍ ചാര്‍ജ് ഈടാക്കാന്‍ സാധ്യതയുണ്ട്. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മാസത്തിന്റെ അവസാന ദിവസം അക്കൗണ്ടില്‍ ആവശ്യത്തിന് പണം ഉണ്ടായാല്‍ മാത്രം മതിയാകണമെന്നില്ല. ചില അക്കൗണ്ടുകളില്‍ മാസത്തിലെ ശരാശരി ബാലന്‍സ് (Monthly Average Balance,MAB) കണക്കാക്കിയാണ് നിബന്ധന പരിശോധിക്കുന്നത്. അതിനാല്‍ വലിയ തുക അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കുന്നതിന് മുമ്പ് നിങ്ങളുടെ ബാങ്കിന്റെ ശരാശരി ബാലന്‍സുമായി ബന്ധപ്പെട്ട നിബന്ധന പരിശോധിക്കുക.Imageഎടിഎം ഉപയോഗത്തിനും പരിധിയുണ്ട്എടിഎമ്മില് നിന്ന് പണം പിന്‍വലിക്കുമ്പോള്‍ എല്ലായ്പ്പോഴും സൗജന്യമാണെന്ന് കരുതരുത്. ബാങ്കും കാര്‍ഡും അനുസരിച്ച് നിശ്ചിത എണ്ണം സൗജന്യ ഇടപാടുകള്‍ ലഭിക്കും. ഈ പരിധി കഴിഞ്ഞാല്‍ അധിക ചാര്‍ജ് ഈടാക്കാം. അതിനാല്‍ ആവശ്യമില്ലാതെ പലതവണ എടിഎം ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.ഡെബിറ്റ് കാര്‍ഡിനും വാര്‍ഷിക ഫീസുണ്ടാകാംനമ്മുടെ പേഴ്സിലോ വീട്ടിലോ കിടക്കുന്ന ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നില്ലെങ്കിലും അതിന് ചില ബാങ്കുകളില്‍ വാര്‍ഷിക ഫീസ് ഉണ്ടാകാം. കാര്‍ഡിന്റെ തരം അനുസരിച്ചും ഈ നിരക്കില്‍ വ്യത്യാസമുണ്ടാകാം. അതുകൊണ്ട് ഉപയോഗിക്കാത്ത കാര്‍ഡുകള്‍ക്കും അതുമായി ബന്ധപ്പെട്ട ചാര്‍ജുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്.SMS അലര്‍ട്ടിനും ചാര്‍ജ് ഈടാക്കാംബാങ്കില് നിന്ന് ഓരോ ഇടപാടിന്റെയും SMS ലഭിക്കുന്നത് ഉപകാരപ്രദമാണ്. എന്നാല്‍ ചില ബാങ്കുകള്‍ ഇത്തരം അധിക സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കുന്നുണ്ടാകാം. നിങ്ങളുടെ ബാങ്കിന്റെ ഏറ്റവും പുതിയ ചാര്‍ജ് ലിസ്റ്റ് പരിശോധിച്ച് SMS, മറ്റ് അലര്‍ട്ട് സേവനങ്ങള്‍ എന്നിവയ്ക്ക് ഫീസ് ഉണ്ടോ എന്ന് മനസിലാക്കാം.
കെഎസ്ആർടിസി ഡിപ്പോയിൽ ശുചീകരണം നടത്തി പോളിടെക്നിക്ക് വിദ്യാർഥികൾ
മാനന്തവാടി ഗവ പോളിടെക്നിക്ക് കോളേജ് എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മാനന്തവാടി കെഎസ്ആർടിസി ഡിപ്പോയിലും ഗാരേജ് പരിസരത്തും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി കെഎസ്ആർടിസി ഡിപ്പോ സൂപ്രണ്ട് സുധീർ റാം, NSS പ്രോഗ്രാം ഓഫീസർ മുഹമ്മദ് അലി, NSS വോളന്റിയർ സെക്രട്ടറി സിനാൻ അഹമ്മദ്, ഷഹബാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. ഉദ്ഘാടനത്തിന് ശേഷം NSS വോളണ്ടിയർമാർ വിവിധ സംഘങ്ങളായി തിരിഞ്ഞ് ഡിപ്പോ പരിസരവും ഗാരേജ് പരിസരവും ശുചീകരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
മദ്യപാനത്തിനിടെ തർക്കം; വെട്ടേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു
കഴുത്തിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന താമരശേരി കൂടത്തായ് അപ്പുറത്ത് പൊയ്കയിൽ ലൈജു (46) ആണ് മരിച്ചത്. വെട്ടേറ്റ കൊല്ലം സ്വദേശി ഷഫീഖ് അബ്ദുൾ സലാം (35) കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പുൽപ്പള്ളി ആനപ്പാറയിലെ വാടക വീട്ടിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം.
കര്‍ഷകര്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും സ്മാര്‍ട്ട് കാര്‍ഡ് വഴി ലഭ്യമാക്കും- മന്ത്രി അഡ്വ ടി സിദ്ദീഖ്
കൃഷി വകുപ്പ് മുഖേന കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന മുഴുവന്‍ സേവനങ്ങളും ഫാര്‍മര്‍ സ്മാര്‍ട്ട് ഐഡി കാര്‍ഡിലൂടെ ലഭ്യമാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കതിര് പോര്‍ട്ടല്‍ സ്മാര്‍ട്ട് ഐഡി കാര്‍ഡ്, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് എന്നിവയുടെ സംസ്ഥാനതല വിതരണോദ്ഘാടനവും മുട്ടില്‍ സ്മാര്‍ട്ട് കൃഷിഭവന് ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കര്‍ഷകര്‍ക്ക് മികച്ച ഡിജിറ്റല്‍ സേവനം സാധ്യമാക്കാനാണ് സ്മാര്‍ട്ട് ഫാര്‍മര്‍ ഐഡി കാര്‍ഡ് ഒരുക്കി കര്‍ഷകന്റെ ഉത്പന്നങ്ങള്‍ ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ വിറ്റഴിക്കാനാകും. കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ അനുബന്ധമായിയുള്ള കര്‍ഷക ക്ഷേമ പദ്ധതികള്‍ കതിര് സ്മാര്‍ട്ട് ഐഡി കാര്‍ഡിലൂടെ കര്‍ഷകര്‍ക്ക് ലഭ്യമാകും. പദ്ധതി സംസ്ഥാനത്തെ 1076 കൃഷി ഭവനുകളിലേക്ക് വ്യാപിപ്പിക്കും. ഇതിനായി ഫലപ്രദമായ പരിശീലനം, അനുബന്ധ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കാര്‍ഡ് ക്യൂ ആര് കോഡില്‍ കര്‍ഷകനെ 'കതിര്' ആപ്പുമായി ബന്ധപ്പെടുത്തി എല്ലാ സേവനങ്ങളും ഉറപ്പാക്കാനാകു. കര്‍ഷകനെ ഒരു ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കുന്നതിലൂടെ അനര്‍ഹരുടെ കൈകളിലേക്ക് കാര്‍ഷിക പദ്ധതികള്‍, പണം കൈമാറുന്നത് തടഞ്ഞ് ഡ്യൂപ്ലിക്കേഷന്‍ ഒഴിവാക്കാന്‍ സാധിക്കും. ഓരോ പദ്ധതിക്കും ഓരോ വേരിഫിക്കേഷന് എന്നുള്ളത് മാറ്റി എല്ലാ പദ്ധതികളുടെയും വേരിഫിക്കേഷന് പൂര്‍ണമായെന്ന് ഉറപ്പുവരുത്താനാകുമെന്നും മന്ത്രി പറഞ്ഞു. ആഗോളതാപനം, പ്രകൃതി ദുരന്തങ്ങള്‍ ഉള്‍പ്പെടെയുള്ള വിപത്തുകള്‍ കര്‍ഷകരെ ബാധിക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ കൃഷിഭവനുകളിലൂടെ 'ഡിജിറ്റല്‍ സോയില്‍ ടെസ്റ്റിംഗ് രജിസ്റ്റര്‍ സംവിധാനം ക്രമീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കാലാവസ്ഥാ വ്യതിയാന പ്രതിരോധ വിത്തുകള്‍, വളങ്ങള്‍, നടീല്‍ വസ്തുക്കള്‍, കാര്‍ഷിക രീതികള്‍ എന്നിവ മാറണം. കൃഷി ഇടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത് സംബന്ധിച്ച് അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റി ശാസ്ത്രജ്ഞര്‍, കര്‍ഷകരുമായി ചര്‍ച്ച നടത്തി. കൃഷിക്കായി നിര്‍മ്മിച്ച എല്ലാ കനാലുകളിലും ആവശ്യമുള്ള പ്രദേശങ്ങളിലും വെള്ളമെത്തിക്കുന്നതിന് നൂതന പദ്ധതികള്‍ രൂപപ്പെടുത്തി റിപ്പോര്‍ട്ട് നല്കാന് മൈനര്‍ ഇറിഗേഷന്‍ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖലകളില്‍ കാലാവസ്ഥാ വ്യതിയാന മൂലം കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് കര്‍ഷകര്‍ക്കായി പരിശീലന പരിപാടികള്‍ ആരംഭിച്ചിട്ടുണെന്നും കര്‍ഷകരെ നിരാശപ്പെടുത്താതിരിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. പ്രകൃതിക്ഷോഭ വിളനാശ കുടിശ്ശികയായ 110 കോടിയോളം രൂപ ഒക്ടോബര്‍ മാസത്തോടെ വിതരണം ആരംഭിക്കും. ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട 6.25 കോടി രൂപയുടെ അലോട്ട്മെന്റ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വന്യമൃഗശല്യം പ്രതിരോധിക്കാന്‍ 192 കോടി രൂപ വനം വകുപ്പിന് നല്‍കിയിട്ടുണ്ട്. വിളനാശത്തിന്റെ പണം 25 ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തു. വന്യമൃഗ ശല്യം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ കൃഷിനാശം സംഭവിച്ചാല്‍ ഇരട്ടി തുക നല്‍കാനുള്ള നടപടി സ്വീകരിച്ചു. കയറ്റുമതി അധിഷ്ഠിത കാര്‍ഷിക സംസ്കരണ രീതികളിലേക്ക് സര്‍ക്കാര്‍ കടക്കുകയാണെന്നും ഇതിന്റെ ഭാഗമായി അടുത്ത ആറുമാസത്തിനകം കര്‍ഷകരുമായി നേരിട്ട് മുഖാമുഖ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
ടീം ജ്യോതിർഗമയയുടെ പ്രവർത്തനം മാതൃകാപരം; ഉഷ വിജയൻ എംഎൽഎ
പുൽപ്പള്ളി: രക്തദാന - കേശദാന രംഗങ്ങളിൽ ടീം ജ്യോതിർഗമയയുടെ പ്രവർത്തനം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് ഉഷ വിജയൻ എംഎൽഎ പറഞ്ഞു. ചീയമ്പം പള്ളിയിൽ പെരുന്നാളിൻ്റെ ഭാഗമായി നടന്ന കേശ സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കാൻസർ ബാധിതരായവർക്ക് സൗജന്യമായി വിഗ് വിതരണം ചെയ്യുന്നതിനായി 30 സെൻ്റി മീറ്റർ നീളത്തിലാണ് കേശങ്ങൾ ശേഖരിക്കുക. ചീയമ്പം മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ മാനന്തവാടി ജ്യോതിർഗമയയുടെ ആഭിമുഖ്യത്തിൽ നടന്ന കേശദാന ക്യാംപിൽ നരവധി യുവതികൾ തങ്ങളുടെ കേശം മുറിച്ച് നൽകി. ഈ കേശങ്ങൾ തൃശൂർ അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വിഗുകളാക്കി മാറ്റും. കാൻസർ രോഗികൾക്ക് സൗജന്യമായി ഇവ വിതരണം ചെയ്ത് വരുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച 100 ഓളം പേരുടെ കേശങ്ങളാണ് ചടങ്ങിൽ കൈമാറിയത്. രക്തദാന - കേശദാന രംഗങ്ങളിൽ നിസ്വാർത്ഥ സേവനം നടത്തുന്ന ജ്യോതിർഗമയ കോഓർഡിനേറ്റർ കെ.എം. ഷിനോജിനെ കേശദാന സമർപ്പണ ചടങ്ങിൽ ഉഷ വിജയൻ എംഎൽഎ പൊന്നാട അണിയിച്ച് ആദരിച്ചു. വികാരി ഫാ. ബേസിൽ കരനിലത്ത് അധ്യക്ഷത വഹിച്ചു. ട്രസ്റ്റി സിജു പൗലോസ്, സെക്രട്ടറി എ.കെ. ഏലിയാസ്, പ്രോം ഗ്രാം കോഓർഡിനേറ്റർമാരായ എൽദൊ ജോർജ് മത്തോക്കിൽ, ടോംസ് എൽദോസ്, ഷീബ റെജി ചുണ്ടക്കാട്ടിൽ എന്നിവർ ചേർന്ന് കേശ ശേഖരം കൈമാറി. കേശദാനത്തിന് താൽപര്യമുള്ളവർ 9497043287 എന്ന നമ്പറിൽ ബന്ധപ്പെടണം
ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന് മുട്ടിലില്‍ ഉദ്ഘാടനം ചെയ്തു.
വിത്തുകള്‍, വളങ്ങള്‍, മണ്ണുപരിശോധന, കൃഷി ഉപദേശങ്ങള്‍ എന്നിവ വേഗത്തില്‍ ലഭ്യമാക്കുന്നതിന് വിഭാവനം ചെയ്ത സ്മാര്‍ട്ട് കൃഷിഭവന് മന്ത്രി അഡ്വ ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഫ്രണ്ട് ഓഫിസ് സംവിധാനം ശക്തിപ്പെടുത്തി ഡിജിറ്റല്‍ ഡിസ്പ്ലേ, ഇന്റര്‍നെറ്റ് കണക്ഷന് തുടങ്ങിയ സൗകര്യങ്ങള്‍ സ്മാര്‍ട്ട് കൃഷിഭവനില്‍ ഒരുക്കിയിട്ടുണ്ട്. ഹെല്‍ത്ത് ക്ലിനിക്ക്, ഡിജിറ്റല്‍ ലൈബ്രറി, എക്കോ ഷോപ്പ്, ബയോ ഫാര്‍മസി, സ്റ്റാഫ് റൂം, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങളും കെട്ടിടത്തിലുണ്ട്. കൃഷി ഭവനില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ വിത്ത് വിതരണം-എല്‍നിനോ പത്രിക വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ കതിര് മണ്ണ് പരിശോധന പോര്‍ട്ടല്‍ മൊഡ്യൂള്‍, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു. കൃഷി അഡീഷണല്‍ ഡയറക്ടര്‍ എസ് സപ്ന, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബി.ജെ സീമ, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി കെ മുഹമ്മദ് ഷാഫി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് പ്രസിഡന്റ് എം.ജി ബിജു, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി രഞ്ജിത്ത്, മുട്ടില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന സി നായര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ യു.എസ് മുഹമ്മദ് ഷജീദ് ആയിഷാബി, നഷീദ് ചാഴിവയല്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന് അംഗം നസീമ ടീച്ചര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന് അംഗങ്ങളായ ശശി പന്നിക്കുഴി, ഇ.എം ഉഷ, സലാം നീലിക്കണ്ടി, ആത്മ പ്രോജക്ട് ഡയറക്ടര്‍ എ.ആര് സുരേഷ്, മുട്ടില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷിനാസ് നാസര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ജോഷില റാണി, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തമിഴ്നാട്ടിൽ സ്ത്രീകൾക്ക് ഇനി എക്സ്പ്രസ്, ഡീലക്സ് ബസുകളിലും സൗജന്യ യാത്ര: 'വെട്രി പയണം' പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്
തമിഴ്നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പേരുമായി ചേർത്തുവെച്ച് 'വെട്രി പയണം' (വിജയ യാത്ര) എന്ന് പുനർനാമകരണം ചെയ്ത പദ്ധതിയുടെ സംസ്ഥാനതല വിപുലീകരണം ചെന്നൈയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സാധാരണ ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്തിയിരുന്ന സൗജന്യ യാത്രാ ആനുകൂല്യം ഇതോടെ എക്സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ്, ഡീലക്സ് ബസുകളിലേക്കും സർക്കാർ വ്യാപിപ്പിച്ചു.സംസ്ഥാനത്തെ കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ടൗൺ പഞ്ചായത്തുകൾ, മലയോര മേഖലകൾ എന്നിവയുൾപ്പെടെ തമിഴ്നാട്ടിലുടനീളം സർവീസ് നടത്തുന്ന 12,692 സർക്കാർ ബസുകളിലാണ് പുതിയ ഉത്തരവ് പ്രകാരം സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യമായി യാത്ര ചെയ്യാനാവുക. പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് ഗുണഭോക്താക്കൾക്ക് യാതൊരുവിധ വരുമാന പരിധിയും നിശ്ചയിച്ചിട്ടില്ല. കൂടാതെ ഒരു ദിവസം നടത്താവുന്ന യാത്രകളുടെ എണ്ണത്തിലും യാതൊരു നിയന്ത്രണവുമില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.പദ്ധതി വിപുലീകരിച്ചതോടെ സംസ്ഥാനത്ത് പ്രതിദിനം 84 ലക്ഷത്തിലധികം (8.4 ദശലക്ഷം) സ്ത്രീകൾക്ക് ഇതിന്റെ നേരിട്ടുള്ള പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ദിവസേന 16 ലക്ഷത്തിലധികം ഒറ്റത്തവണ യാത്രകൾക്ക് ഇത് വഴിയൊരുക്കും. സാധാരണക്കാരായ സ്ത്രീകളുടെ യാത്രാച്ചെലവിൽ ഇത് വലിയ ഇളവ് നൽകും. സാമ്പത്തിക തടസ്സങ്ങളില്ലാതെ സമൂഹത്തിലെ എല്ലാ മേഖലകളിലുമുള്ള സ്ത്രീകൾക്ക് തുല്യമായ സഞ്ചാര സ്വാതന്ത്ര്യവും അവസരങ്ങളും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
ടോൾ അടയ്ക്കേണ്ട, ഫാസ്ടാഗ് നിയമങ്ങളിൽ നിർണായക മാറ്റം; ഇളവ് ലഭിക്കുന്നവർ അറിയണം ഈ മാറ്റം
രാജ്യത്തെ ഹൈവേകളിലും എക്സ്പ്രസ് വേകളിലും ദിവസേന യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് വാഹനങ്ങൾക്ക് ബാധകമായ ഫാസ്ടാഗ് സംവിധാനത്തിൽ പുതിയ മാറ്റം. വികലാംഗർക്ക് ടോൾ ഇളവ് ലഭിക്കുന്ന ഡിസ്കൌണ്ട് ഫാസ്ടാഗിന്റെ കാലാവധി സംബന്ധിച്ച നിയമങ്ങളാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പരിഷ്കരിച്ചത്. പുതിയ വ്യവസ്ഥകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വികലാംഗർക്ക് ടോൾ പ്ലാസകളിലൂടെ കൂടുതൽ എളുപ്പത്തിൽ യാത്ര ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. മുമ്പ് ഇളവുള്ള ഫാസ്ടാഗ് ഓരോ വർഷവും പുതുക്കേണ്ടി വന്നിരുന്നു. ഇതിനായി വീണ്ടും അപേക്ഷയും ആവശ്യമായ രേഖകളും സമർപ്പിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. പുതിയ നിയമത്തോടെ ഈ വാർഷിക പുതുക്കൽ ഒഴിവാകും.
സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ അഞ്ചാം പനി വ്യാപിക്കുന്നു:രോഗനിര്‍ണയവും ചികില്‍സയും വൈകിയാല്‍ മരണം വരെ സംഭവിക്കാം
സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ അഞ്ചാം പനി വ്യാപിക്കുന്നു. മലപ്പുറത്തും കോഴിക്കോടുമായി കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നു കുട്ടികള്‍ക്കാണ് ജീവന് നഷ്ടമായത്. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇരു ജില്ലകളിലും ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പിലൂടെ ഫലപ്രദമായി പ്രതിരോധിച്ചിരുന്ന ഒരു വൈറസ് രോഗമാണ് കേരളത്തിലെ ആരോഗ്യ രംഗത്ത് വീണ്ടും വെല്ലുവിളി ഉയര്‍ത്തുന്നത്, അതും കുട്ടികള്‍ക്കിടയില്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം അഞ്ചാം പനി അഥവാ മീസില്‍സ് ബാധിച്ചവരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 30 കേസുകളായിരുന്നു സ്ഥിരീകരിച്ചത് എങ്കില്‍ ഈ വര്‍ഷം ഇതുവരെ രോഗം സ്ഥിരീകരിച്ചത് 80 പേര്‍ക്കാണ്, ഏറെയും കുട്ടികളില്‍. കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കും മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ക്കും ജീവന് നഷ്ടപ്പെട്ടു. കടുത്ത പനിയും ശരീരത്തില്‍ പ്രത്യക്ഷമാകുന്ന തടിപ്പുകളുമാണ് പ്രധാന ലക്ഷണങ്ങള്‍. രോഗനിര്‍ണയവും ശരിയായ ചികില്‍സയും വൈകിയാല്‍ മരണം വരെ സംഭവിക്കാം.പ്രതിരോധ വാക്സിന് കൃത്യമായി എടുക്കുകയാണ് അഞ്ചാം പനി പ്രതിരോധത്തിനുളള മാര്‍ഗ്ഗം. എന്നാല്‍ ഇക്കാര്യത്തില്‍ താളപ്പിഴകള്‍ വരുന്നതായി രോഗവ്യാപനത്തിന്റെ തോത് വ്യക്തമാക്കുന്നു. കുട്ടികളില്‍ ഒന്‍പതാം മാസവും 16 മുതല്‍ 24 വരെയുളള മാസങ്ങള്‍ക്കിടെയുമാണ് മീസില്‍സ് റുബെല്ല വാക്സിന് എടുക്കേണ്ടത്. ഇത് കൃത്യമായി എടുക്കാത്തവരിലാണ് രോഗം പടരുന്നതെന്ന് ഈ രംഗത്തെ വിധഗ്ധര്‍ പറയുന്നു. ഒരേ കുടുംബത്തിലെ തന്നെ ഒന്നിലേറെ കുട്ടികള്‍ക്ക് രോഗം ബാധിച്ച സാഹചര്യവും ഇക്കുറി ഉണ്ടായി. ആരോഗ്യ വകുപ്പ് പുറത്ത് വിടുന്ന കണക്കുകളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തോടൊപ്പമോ അതിലേറയോ വരും രോഗം സംശയിക്കുന്നവരുടെ എണ്ണവും. വായുവിലൂടെയും രോഗിയുമായുള്ള സമ്പർക്കത്തിലൂടെയും പകരുന്ന വൈറസ് രോഗമായതിനാല്‍ പ്രതിരോധ കുത്തി വയ്പ്പ് ഊര്‍ജ്ജിതമാക്കാനുളള ശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
മഴ മാറിയിട്ടില്ല, കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായിരിക്കുകയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. മറ്റന്നാൾ ( 05/10/2026) പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും 6 ന് ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ശ്രേയസ് ദിനാചരണവും,പച്ചക്കറി തൈകളുടെ വിതരണവും നടത്തി.
പാമ്പള : ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് വാർഷിക ദിനാചരണത്തിന്റെ ഭാഗമായി പാമ്പള യൂണിറ്റിൽ ഡയറക്ടർ ഫാ.ഡാനിയേൽ കടകംപള്ളിൽ ശ്രേയസ് പതാക ഉയർത്തുകയും,പച്ചക്കറി തൈകളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സാമുവേൽ അബ്രഹാം അധ്യക്ഷത വഹിച്ചു. സെൻട്രൽ പ്രൊജക്റ്റ് മാനേജർ കെ. പി.ഷാജി മുഖ്യസന്ദേശം നൽകി.ശ്രേയസ് പ്രവർത്തനങ്ങളെക്കുറിച്ച് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.വിശദീകരിച്ചു."മാനസികാരോഗ്യം" എന്ന വിഷയത്തിൽ സെൻട്രൽ കോർഡിനേറ്റർ ആതിര ക്ലാസ് എടുത്തു.സെൻട്രൽ കോർഡിനേറ്റർ മഞ്ജു, സി ഡി ഒ സുനി ജോബി,ജിൻസി എന്നിവർ സംസാരിച്ചു.
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവര്‍ ഗ്രേഡ് II (എച്ച് ഡി വി ) / ഡ്രൈവര്‍ കം ഓഫീസ് അറ്റന്ണ്ടന്റ് (എച്ച് ഡി വി (കാറ്റഗറി നമ്പർ: 017/2021) തസ്തികയിലേക്കു 2023 ജൂലൈ 27 ന് നിലവിൽ വന്ന റാങ്ക് പട്ടിക റദ്ദാക്കി.
അഗ്നിവീർ റിക്രൂട്ട്മെൻറ് റാലിയില്‍ പങ്കെടുക്കണം
ഒക്ടോബർ ഏഴ് മുതൽ 16 വരെ കോഴിക്കോട് ഗവ ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിൽ നടത്തുന്ന അഗ്നിവീർ റിക്രൂട്ട്മെൻറ് റാലിക്ക് ഓൺലൈന്‍ പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടിയ ഉദ്യോഗാർഥികൾ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ 04936 20266.

