കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയമവിരുദ്ധമായി പ്രവേശനഫീസ് പിരിക്കുന്നു. വിമാനത്താവളത്തില്‍ പ്രവേശിക്കുന്ന മുഴുവൻ വാഹനങ്ങളില്‍നിന്നും 40 രൂപ വീതമാണ് ഫീസ് പിരിക്കുന്നത്.ഇവിടേക്കുള്ള പ്രവേശനവും ഒൻപതു മുതല്‍ 11 മിനിറ്റ് വരെ പാർക്കിങ്ങും സൗജന്യമാണെന്നിരിക്കെയാണ് അനധികൃത നടപടി.
ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന വാഹനം തടയല്‍ സംവിധാനവും ഫാസ്ടാഗ് സംവിധാനവും കഴിഞ്ഞ 16-ന് എയർപോർട്ട് അതോറിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടനുബന്ധിച്ച് അതോറിറ്റി പുറത്തിറക്കിയ ഉത്തരവില്‍ യാത്രക്കാരെ ഇറക്കി വാഹനം പുറത്തുകടക്കുന്നതിന് അനുവദിച്ചിരുന്ന സൗജന്യ സമയം ആഭ്യന്തരമേഖലയില്‍ ആറു മിനിറ്റായിരുന്നത് 11 മിനിറ്റായും അന്താരാഷ്ട്ര മേഖലയില്‍ ഒൻപത് മിനിറ്റായും വർധിപ്പിച്ചിരുന്നു.ഈ സമയപരിധി ലംഘിക്കുന്ന വാഹനങ്ങളില്‍നിന്ന് മാത്രമേ ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കുകയുള്ളൂവെന്ന് അതോറിറ്റി വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം പാർക്കിങ് ഫീസില്‍ 80 ശതമാനം വരെ വർധന വരുത്തുകയും ചെയ്തു.
എന്നാല്‍, അതോറിറ്റി ഉത്തരവ് കാറ്റില്‍ പറത്തിയാണ് പുതിയ സംവിധാനം പ്രവർത്തിക്കുന്നത്. പ്രവേശനഫീസെന്ന പേരില്‍ 40 രൂപ വീതം പിരിച്ചെടുക്കുകയാണ് പാർക്കിങ് ഏറ്റെടുത്ത കരാർ കമ്ബനി. യാത്രക്കാരും വിവിധ സംഘടനകളും ഇതിനെതിരേ രംഗത്തെത്തിയെങ്കിലും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.