തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയൊരുങ്ങി. 848 പോളിങ്ങ് ബൂത്തിലായി രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ വോട്ടെടുപ്പ് നടക്കും. 6,25,455 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അര്‍ഹരായിട്ടുള്ളത്. ഇന്ന് വൈകീട്ട് മൂന്ന് മുതല്‍ നാളെ വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ പ്രവേശിക്കുന്നവര്‍ക്കും ആരോഗ്യ വകുപ്പിലെ ഡെസിഗ്‌നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കി പോളിംഗ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ടു ചെയ്യാം. പ്രത്യേക വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ന് വൈകീട്ട് 3 വരെയുള്ള കോവിഡ് രോഗികള്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റാണ്.
ആകെ 23 ഗ്രാമപഞ്ചായത്തുകളിലെ 413 വാര്‍ഡുകള്‍, മൂന്ന് നഗരസഭകളിലെ 99 ഡിവിഷനുകള്‍, 4 ബ്ലോക്ക് പഞ്ചായത്തുകളിലെ 54 ഡിവിഷനുകള്‍, ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകള്‍ എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പ്. ആകെ 582 ജനപ്രതിനിധികളെ തെരഞ്ഞെടുക്കും. 1857 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.തെരഞ്ഞെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. 5090 പോളിങ്ങ് ഉദ്യോഗസ്ഥരെയാണ് ജില്ലയിലെ വിവിധ പോളിങ് സ്റ്റേഷനുകളില്‍ തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചത്. 32 വരാണാധികാരികളും 32 ഉപ വരണാധികാരികളും 4240 പോളിങ് ഉദ്യോഗസ്ഥരും 850 റിസര്‍വ് ഉദ്യോഗസ്ഥരെയുമാണ് വോട്ടടെപ്പിനായി സജ്ജീകരിച്ചത്. 60 സെക്ടര്‍ ഓഫീസര്‍മാരെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്. ബൂത്തികളില്‍ സാനിറ്റൈസര്‍ നല്‍കുന്നതിനായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി 848 പോളിങ്ങ് അസിസ്റ്റന്റുമാരെയാണ് ഇത്തവണ അധികമായി നിയോഗിച്ചത്.
ജില്ലയിലെ ഏഴ് വിതരണ കേന്ദ്രങ്ങളില്‍ നിന്നും ബൂത്തുകളിലേക്കായി പോളിങ് ഉദ്യോഗസ്ഥര്‍ വിതരണ സാമഗ്രികള്‍ ഏറ്റുവാങ്ങി. രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെയായിരുന്നു പോളിങ്ങ് സാമഗ്രികളുടെ വിതരണം. കോവിഡ് പശ്ചാത്തലത്തില്‍ തിരക്കുകള്‍ ഒഴിവാക്കാന്‍ വാര്‍ഡ് അടിസ്ഥാനത്തിലായിരുന്നു കേന്ദ്രങ്ങളില്‍ നിന്നുള്ള പോളിങ് സാമഗ്രികളുടെ വിതരണം. 935 കണ്‍ട്രോള്‍ യൂണിറ്റും 2820 വോട്ടിങ്ങ് യന്ത്രങ്ങളാണ് ഗ്രാമ പഞ്ചായത്തുകളിലേക്കായി സജ്ജീകരിച്ചിട്ടുള്ളത്. നഗരസഭയില്‍ 271 കണ്‍ട്രോള്‍ യൂണിറ്റും 311 ബാലറ്റ് യൂണിറ്റുകളുമാണ് സജ്ജീകരിച്ചത്.