നഗരത്തില്‍ ലഹരിമരുന്നുകളുമായി യുവതിയടക്കം ആറുപേർ പിടിയിലായി. മൂന്നുകേസുകളിലായാണ് അറസ്റ്റ്. ഇവർ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന കണ്ണികളാണെന്നും സൂചനകളുണ്ട്. പ്രതികളടെ കൈയില്‍ നിന്ന് എം.ഡി.എം.എ , ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.
മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീക്ക് (27) പൂനെ സ്വദേശനി അയിഷ ഗഫാർ സെയ്ത്(39) എന്നിവരെ മയക്കുമരുന്നുമായി ഹോട്ടല്‍ മുറിയില്‍ വച്ചാണ് പിടികൂടിയത്. ഇവരില്‍ നിന്ന് മൂന്ന് ലക്ഷത്തോളം രൂപയും 16 ലക്ഷം വിലവരുന്ന 300 ഗ്രാം എം.ഡി.എം.എയും 6.8 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഫോർട്ടുകൊച്ചി ദ്രോണാചാര്യയ്‌ക്കടുത്തുള്ള വീട്ടില്‍നിന്നും മട്ടാഞ്ചേരി സ്വദേശി ഷഞ്ജല്‍ (34), ഇയാള്‍ക്ക് മയക്കുമരുന്ന് നല്‍കിയിരുന്ന മുഹമ്മദ് അജ്മല്‍ (28) എന്നിവരെ പിടികൂടി. ഇവരില്‍നിന്ന് 13.91 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
അയ്യൻ മാസ്റ്റർ ലൈനിലെ വീട്ടില്‍നിന്നും മട്ടാഞ്ചേരി സ്വദേശികളായ സജീർ (28), അദിനാൻ സവാദ് (22) എന്നിവരില്‍ നിന്ന് 29.16 ഗ്രാം എംഡിഎംഎയും 9.41 ഗ്രാം ഹാഷിഷ് ഓയിലും 4.64 ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു.പള്ളുരുത്തിയിലെ വെളി ഭാഗത്ത് ബാദുഷ എന്നയാളുടെ വീട്ടില്‍നിന്നും 100.89 ഗ്രാം എംഡിഎംഎയും പിടികൂടി.