വായില്‍ ക്യാൻസർ (Oral Cancer) ബാധിച്ച കേസുകളില്‍ 57 ശതമാനവും പുകയിലയോ മദ്യമോ ഉപയോഗിക്കാത്തവരില്‍. പത്തുവർഷത്തിനിടെ വിപിഎസ് ലേക്ഷോർ ആശുപത്രിയില്‍ ചികിത്സ തേടിയവരില്‍ നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിലുള്ള കണക്കുകളാണ് പുറത്തുവിട്ടത്.കാരണം വ്യക്തമായി നിർണയിക്കാമായിരുന്ന അവസ്ഥയില്‍ നിന്നുള്ള ഈ മാറ്റം പുതിയ പ്രവണതയാണ്. അതുകൊണ്ട് തന്നെ ഇത് ആശങ്ക ഉണ്ടാക്കുന്നതാണ് എന്ന് ലേക്‌ഷോർ ആശുപത്രി, ഹെഡ് ആൻഡ് നെക്ക് സർജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ഷോണ്‍ ടി.ജോസഫ് പറഞ്ഞു.
2014 ജൂലൈ മുതല്‍ 2024 ജൂലൈ വരെ ഇവിടെ ചികിത്സ തേടിയ 515 രോഗികളില്‍ 75.5% പുരുഷന്മാരും 24.5% സ്ത്രീകളുമാണ്. ഇവരില്‍ ഏതെങ്കിലും വിധമുള്ള അഡിക്ഷൻ (ലഹരി ആസക്തി) ഉണ്ടായിരുന്നവരില്‍ ഏറിയ പങ്കും മുൻപ് പുകയില ചവയ്ക്കുന്ന ശീലമുള്ളവരായിരുന്നു. പകുതിയോളം പേർക്ക് പുകവലി ശീലവും മറ്റുള്ളവർ മദ്യം ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. ഈ രോഗികളില്‍ 45.3% പേർക്ക് ഒന്നിലധികം ദുശ്ശീലങ്ങളുണ്ടായിരുന്നു.
ആകെ രോഗികളില്‍ 57% പേരും മുൻപ് പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തികളാണ്. പുതിയ ഡാറ്റ പ്രകാരം 61% കേസുകള്‍ നാവിലെ ക്യാൻസറുകളും 19% കേസുകള്‍ ബക്കല്‍ മ്യൂക്കോസയിലാണെന്നും പഠനം കാണിച്ചു. കൂടാതെ 3% കേസുകള്‍ വായയുടെ അടിഭാഗത്തും 3% താഴത്തെ ആല്‍വിയോളസിലും ഒരു ശതമാനം മുകളിലെ ആല്‍വിയോളസിലുമാണ്. പ്രാരംഭ ഘട്ടത്തില്‍ തന്നെ പരിശോധനക്ക് വിധേയമായവർക്ക് ചികിത്സ കൂടുതല്‍ ഫലപ്രദമായിട്ടുണ്ട്.
“മുൻപ് മിക്കവാറും എല്ലാ ഓറല്‍ ക്യാൻസർ കേസുകളും പുകയില ഉപയോഗത്തിലൂടെ ആയിരുന്നു. ഇപ്പോള്‍ സ്ഥിതി വളരെയധികം മാറി. രോഗികളില്‍ രണ്ടില്‍ ഒരാള്‍ പുകയില ഉപയോഗിക്കാത്ത ആളാണ്. ഇത് ഞെട്ടിക്കുന്നതാണ്” -ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ.ഷോണ്‍ പറഞ്ഞു. “വർദ്ധിച്ചുവരുന്ന ഓറല്‍ ക്യാൻസറിൻ്റെ കൃത്യമായ കാരണങ്ങള്‍ കണ്ടെത്താൻ വിപുലമായ ഗവേഷണം വേണം. അതിന് തുടക്കം കുറിച്ചിട്ടുണ്ട്” -വിപിഎസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള പറഞ്ഞു.
“നിങ്ങളുടെ ശരീരത്തില്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകാം. വായില്‍ ഉണ്ടാകുന്ന അള്‍സർ രണ്ടാഴ്ച കൊണ്ട് മാറുന്നില്ലെങ്കില്‍ ഉടൻ ഡോക്ടറെ സന്ദർശിക്കണം. വായില്‍ ചുവപ്പോ വെള്ളയോ പാടുകള്‍ കാണപ്പെടുക, അല്ലെങ്കില്‍ തലയിലും കഴുത്തിലും അസാധാരണമായ മുഴകള്‍ ഉണ്ടാകുക, ഇവയും ഓറല്‍ ക്യാൻസറിൻ്റെ ലക്ഷണങ്ങളാകാം” -ഡോ.ഷോണ്‍ ചൂണ്ടിക്കാട്ടി. ലേക്ഷോർ സിഇഒ ജയേഷ് വി നായർ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മാനേജർ അനില്‍കുമാർ ടി എന്നിവരും വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.