പേര് വെളിപ്പെടുത്താത്ത ഓസ്‌ട്രേലിയക്കാരനായ വിദ്യാർത്ഥിയാണ് ഒറ്റ രാത്രി കൊണ്ട് ശതകോടീശ്വരനായത്. നിലവിൽ ബ്രിസ്‌ബേൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ അദ്ദേഹത്തെ തേടി എത്തിയത് ഏകദേശം 147 കോടി രൂപയാണ്.
കഴിഞ്ഞ ദിവസം നറുക്കെടുത്ത പവർബോൾ ജാക്‌പോട്ടാണ് ഈ 20 കാരനെ കോടീശ്വരനാക്കിയത്. തന്റെ ഭാഗ്യ നമ്പറായ 13 ൽ തുടങ്ങുന്ന ലോട്ടറിയാണ് ഓൺലൈൻ വഴി അദ്ദേഹം സ്വന്തമാക്കിയത്.
ഓരോ തവണ ലോട്ടറിയടിച്ച വാർത്തകൾ കാണുമ്പോളും ഒരു നാൾ തനിക്കും ലഭിക്കുമെന്ന് ആശിച്ചിരുന്നതായും എന്നാൽ ശരിക്കും ലഭിച്ചപ്പോൾ വിശ്വസിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. വില്പന അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ വാങ്ങിയ ടിക്കറ്റാണ് തനിക്ക് ഭാഗ്യം തന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബത്തെയും സുഹൃത്തുക്കളെയും സഹായിച്ചു വിശ്രമ ജീവിതം നയിക്കാനാണ് തന്റെ തീരുമാനമെന്ന് അദ്ദേഹത്തെ ഉദ്ധരിച്ചു ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.