വിദേശരാജ്യങ്ങളില്‍ അതിവേഗം പടരുന്ന കോവിഡ് വകഭേദത്തിനെതിരെ സംസ്ഥാനത്തും ജാഗ്രതയും കരുതലും. നിലവിലെ വൈറസിനെ അപേക്ഷിച്ച് (ഡി-614) വളരെവേഗം വ്യാപിക്കാനുള്ള ശേഷി പുതിയതിന് (ജി-614) ഉണ്ടെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ കാലയളവ് നിലനില്‍ക്കാനുള്ള അതിജീവന ശേഷിയുമുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം പടര്‍ച്ച സാധ്യതയേറിയ നിര്‍ണായക ദിനങ്ങളിലാണ് പുതിയ ഭീഷണി കൂടിയുയരുന്നത്. വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങളും പരിശോധനകളും കുറവായ ദിവസങ്ങളാണ് പിന്നിട്ടത്. അതുകൊണ്ടുതന്നെ പുതിയ വകഭേദ സാന്നിധ്യം തള്ളിക്കളയാനാകില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, കേന്ദ്ര സര്‍ക്കാറില്‍നിന്നുള്ള കാര്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഇതില്ലാതെ സംസ്ഥാനത്തിന് മാത്രമായി അധികമൊന്നും ചെയ്യാനാകില്ലെന്നും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നു.
‘വിമാനത്താവളങ്ങളിലെ പരിശോധനയിലടക്കം കേന്ദ്രസര്‍ക്കാറാണ് നിര്‍ദേശം നല്‍കേണ്ടത്. പരിശോധന-ക്വാറന്‍റീന്‍ കാര്യങ്ങളിലും വ്യാപനം നിയന്ത്രിക്കുന്നതിലുമാണ് സംസ്ഥാനത്തിന് ഇടപെടാനാകുക. പുതിയ വകഭേദം കണ്ടെത്തിയെങ്കിലും വാക്സിനേഷനെ ബാധിക്കില്ലെന്നാണ് വിലയിരുത്തലെ’ന്നും ഉദ്ദ്യോഗസ്ഥർ കൂട്ടിച്ചേര്‍ക്കുന്നു.
വൈറസിന്റെ ജനിതക മാറ്റത്തെക്കുറിച്ച് സംസ്ഥാനത്തിനുള്ളില്‍ കാര്യമായ പഠനങ്ങള്‍ നടക്കാത്തതിനാല്‍ ഇവയുടെ സാന്നിധ്യം അത്ര എളുപ്പം കെണ്ടത്താനാകില്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ഇതിനുള്ള മതിയായ സംവിധാനങ്ങളും സംസ്ഥാനത്തില്ല. വൈറസ് വകഭേദങ്ങളെക്കുറിച്ചുള്ള പഠനകാര്യത്തില്‍ ആരോഗ്യവകുപ്പ് കാര്യമായ താല്‍പര്യം കാട്ടുന്നില്ലെന്നത് നേരത്തേ ഉയരുന്ന ആക്ഷേപമാണ്.
ഇതിനായി ഏതാനും ഗവേഷണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്തെങ്കിലും സര്‍ക്കാര്‍ താല്‍പര്യം കാട്ടാത്തതിനെതുടര്‍ന്ന് പിന്മാറുകയായിരുന്നു.
അതേസമയം ഡല്‍ഹി ആസ്ഥാനമായ സ്ഥാപനവുമായി സഹകരിച്ച് കേരളത്തിലെ കൊറോണ വൈറസിന്റെ ജനിതക മാറ്റത്തെക്കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും നിലവിലെ സാഹചര്യം കൂടി കണക്കിലെടുത്ത് പുതിയ വകഭേദത്തിന്റെ സാന്നിധ്യം കൂടി പഠനത്തിന്റെ ഭാഗമാക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.