പ്രശസ്ത എഴുത്തുകാരി സാറാ ജോസഫിൻ്റെ മരുമകൻ പികെ ശ്രീനിവാസൻ സൈബർ തട്ടിപ്പിനിരയായി. തുടർന്ന് കാനറാ ബാങ്കിൻ്റെ അക്കൊണ്ടിൽ നിന്നും ഇദ്ദേഹത്തിന് നഷ്ടമായത് 20 ലക്ഷം രൂപ.
കാനറാ ബാങ്കിൻ്റെ വെസ്റ്റ് പാലസ് ബ്രാഞ്ചിൽ ഉള്ള അക്കൗണ്ടിൽ നിന്നും ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് ഉപയോഗിച്ച് നടത്തിയ തട്ടിപ്പിലാണ് ഇത്രയധികം രൂപ നഷ്ടമായത്. തുടർന്ന്, പികെ ശ്രീനിവാസൻ സൈബർ സെല്ലിലും, ബാങ്കിലും പരാതി നൽകിയിട്ടുണ്ട്.
ബിഎസ്എൻഎൽ സിം കാർഡിൻ്റെ ഡ്യൂപ്ലിക്കേറ്റ് എടുത്ത്, അതിൽ വന്ന ഒടിപി നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത് എന്ന് കരുതുന്നു. ഈ മാസം 19 ആം തിയ്യതിയാണ് അഞ്ച് തവണകളായി ഇയാളുടെ അക്കൗണ്ടിൽ നിന്നും, 20,25,000 രൂപ പിൻവലിച്ചതായി കാണിക്കുന്നത്.
ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് എടുത്തതിൽ ബിഎസ്എൻഎൽ ഉദ്യോഗസ്ഥനും പങ്കുണ്ടെന്ന് ശ്രീനിവാസൻ ആരോപിച്ചു. എന്നാൽ സംഭവത്തിൽ ബാങ്കിനും പങ്കുണ്ടെന്ന് സാറാ ജോസഫ് പറഞ്ഞു. സംഭവം അധികൃതരുടെ അടുത്ത് അറിയിച്ചപ്പോൾ ബാങ്കിൽ നിന്ന് തണുത്ത പ്രതികരണമാണ് ലഭിച്ചതെന്നും ഇവർ പറയുന്നു.
പുലർച്ചെയാണ് ട്രാൻസാക്ഷൻ നടന്നിട്ടുള്ളതായി കാണിക്കുന്നത്. ഉച്ചയ്ക്ക് ഓഫീസിൽ നിന്നും വിളിച്ച് പറഞ്ഞപ്പോൾ ആണ് ഇത്തരത്തിൽ തട്ടിപ്പ് നടന്നതായി ഇദ്ദേഹം അറിഞ്ഞത് എന്നുമാണ് റിപ്പോർട്ടുകൾ. സാറാ ജോസഫിൻ്റെ മകളുടെ ഭർത്താവാണ് ആർകിടെക്ട് ആയ ശ്രീനിവാസൻ.