തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഫാ. തോമസ് എം കോട്ടൂരിനും, സിസ്റ്റര്‍ സെഫിയ്ക്കുമെതിരായ ശിക്ഷയാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കുക. 28 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നതെന്ന്
ശ്രദ്ധേയമാണ്.
പ്രമാദമായ അഭയകൊലക്കേസില്‍ ഫാദര്‍ തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന ഇന്നലെയുണ്ടായ ചരിത്ര വിധി പോലെ തന്നെ പ്രതീക്ഷിക്കുന്ന ശിക്ഷാ വിധി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി രാവിലെ പതിനൊന്നിന് ശിക്ഷയില്‍
വാദം കേള്‍ക്കും.
കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്.കൊലപാതകം നടത്താനെന്ന ലക്ഷ്യത്തോടെ അതിക്രമിച്ച് കയറിയെന്ന കുറ്റം ഫാ. തോമസ് എം കോട്ടൂരിനെതിരെ മാത്രമാണ് തെളിഞ്ഞത്. അത്യപൂര്‍വമായ കേസായി പരിഗണിച്ച് പരാമവധി ശിക്ഷ പ്രതികള്‍ക്ക് വിധിക്കണമെന്നാകും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കുക.
പ്രായവും അസുഖങ്ങളും കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് വേണമെന്നാകും പ്രതിഭാഗം ആവശ്യപ്പെടുക. ഇരുവാദങ്ങളും പരിശോധിച്ചാകും തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി കെ. സനില്‍ കുമാര്‍ ശിക്ഷ വിധിക്കുക.