ഹൃദയസ്തംഭനത്തിന്റെ കാരണം രക്തസമ്മര്‍ദവും കൊളസ്‌ട്രോളും പോലെയുള്ള അറിയപ്പെടുന്ന കാരണങ്ങള്‍ മാത്രമാണെന്നാണോ നിങ്ങള്‍ കരുതുന്നത്. എന്നാല്‍ പ്രശ്‌നക്കാര്‍ ഈ രോഗങ്ങള്‍ മാത്രമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജീവിതശൈലി ശരിയായി ശ്രദ്ധിച്ചിട്ടും, വറുത്തതും പൊരിച്ചതും ഒഴിവാക്കിയിട്ടും, രക്തസമ്മര്‍ദം കൂടുന്നതിനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കിയിട്ടും ഹൃദയസ്തംബനമുണ്ടായിട്ടുള്ള ആളുകളെ നിങ്ങള്‍ക്ക് അറിയില്ലെ.. ഹൃദയസ്തംഭനത്തിന് ആരും ശ്രദ്ധിക്കാത്ത, ചില മറഞ്ഞിരിക്കുന്ന കാരണങ്ങളുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കാര്‍ഡിയോളജിസ്റ്റ് ഡോ. ദിമിത്രി യാരനോവ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ദിമിത്രി ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള ഈ പ്രധാന വിവരം പങ്കുവച്ചത്.
പതിവ് പരിശോധനകളില്‍ പലപ്പോഴും ഹൃദയത്തിന്റെ ഈ പ്രശ്‌നം ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ടെന്നും, എന്നാല്‍ ഇത് ഹൃദയസ്തംഭനത്തിലേക്ക് വരെ നയിക്കുന്ന വലിയ പ്രശ്‌നമാണെന്നും വ്യക്തമാക്കുകയാണ് ഡോ. ദിമിത്ര. അമിലോയിഡോസിസ് എന്ന പ്രോട്ടീനാണ് ഹൃദയത്തെ നശിപ്പിക്കാനായി ശരീരത്തില്‍ ഒളിഞ്ഞിരിക്കുന്ന വില്ലന്‍. ക്രമേണ ഹൃദയത്തിന്റെ വാല്‍വുകളില്‍ പ്രവേശിച്ച്, അവിടെ പ്രവര്‍ത്തിച്ച് വാല്‍വുകള്‍ അടഞ്ഞ് പോകാന്‍ കാരണമാകുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദമോ, ധമനികളിലെ കൊഴുപ്പ് അടിഞ്ഞുകൂടലോ അല്ലാതെ ഇത്തരത്തില്‍ ഒരു കാരണം കൂടി ഹൃദയസ്തംഭനത്തിനുണ്ട് എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. രോഗനിര്‍ണയം നടത്തുമ്പോള്‍ ഇത്തരം സാധ്യതകളെക്കുറിച്ച് അവബോധമുണ്ടെങ്കില്‍ അവഗണിക്കാതിരിക്കാന്‍ സാധിക്കുന്നു. ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങളുമായി വരുന്നവര്‍ക്ക് പലപ്പോഴും, പ്രായത്തെക്കുറിച്ചോ രക്തസമ്മര്‍ദത്തെക്കുറിച്ചോ മാത്രമായിരിക്കും ആശങ്കപ്പെടാനുണ്ടാവുക എന്നാണ് ഡോ. ദിമിത്ര വ്യക്തമാക്കുന്നത്.
അമിലോയിഡോസിസ് എന്ന പ്രോട്ടീനെക്കുറിച്ച് ആളുകള്‍ക്ക് ധാരണയില്ലാത്തതിനാല്‍ ഇത് ശ്രദ്ധിക്കപ്പെടാതെ പോവുന്ന സാഹചര്യങ്ങളുണ്ടാവാറുണ്ടെന്നാണ് ഡോ. ദിമിത്രി വ്യക്തമാക്കുന്നത്. രോഗം എത്ര വേഗം കണ്ടെത്തുന്നോ അത്ര വേഗത്തില്‍ തന്നെ ചികിത്സയും സാധ്യമാക്കാന്‍ സാധിക്കും. അതിനാല്‍ രോഗ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ കൃത്യമായി പരിശോധനകള്‍ നടത്തി ചികിത്സയ്ക്ക് വിധേയരാവുക.
( ഈ ലേഖനം പൊതുവിജ്ഞാനം ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയതാണ്. ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്ക് എപ്പോഴും ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്)