കേരള സർക്കാർ, വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം എന്നിവയുടെ നേത്യത്വത്തിൽ വിവിധ ടൂറിസം സംഘടനകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായി മാനന്തവാടിയിൽ (സെപ്റ്റംബര്‍ 7,8) വിവിധ പരിപാടികൾ അരങ്ങേറും. ഞായറാഴ്ച വൈകിട്ട് ആറിന് മാനന്തവാടി പഴശ്ശി പാർക്ക് കേന്ദ്രത്തിൽ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വിപുലമായ പരിപാടികളോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കപ്പെടുന്നത്.
മാനന്തവാടി പഴശ്ശി പാർക്ക് കേന്ദ്രത്തിൽ ഞായറാഴ്ച പിന്നണി ഗായിക ചിത്ര അയ്യർ നയിക്കുന്ന സംഗീത രാവ് അരങ്ങേറും. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് മാനന്തവാടി നഗരസഭ കുടുംബശ്രീ അവതരിപ്പിക്കുന്ന മെഗാ തിരുവാതിരയും തുടര്‍ന്ന് വൈകിട്ട് 6.30 മുതൽ വയലിൻ ഫ്യൂഷൻ, മാജിക്ക് ഷോ, ചാക്യാർക്കൂത്ത്, മെന്റലിസം, വയനാട് സെവൻ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന നൃത്തനൃത്യങ്ങളും നടക്കും.
മാനന്തവാടി നഗരസഭ ചെയർപേഴ്‌സൺ സി.കെ രത്നവല്ലി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ മുഖ്യപ്രഭാഷണം നടത്തും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, മാനന്തവാടി നഗരസഭ കൗൺസിലർ അരുൺ കുമാർ, സബ്ബ് കളക്ടർ അതുൽ സാഗർ, ജില്ലാ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.സി മനോജ്, ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, ഡിടിപിസി എക്സിക്യൂട്ടീവ് മെമ്പർ പി.വി സഹദേവൻ, മാനന്തവാടി നഗരസഭ സിഡിഎസ് ചെയർപേഴ്സൺ ഡോളി രഞ്ജിത്ത്, ടൂറിസം വികസന ഉപസമിതി മെമ്പർ അലി ബ്രാൻ, ഡി.ടി.പി.സി മാനേജർ വി.ജെ ഷിജു, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.