മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തോട് ചേർന്നുള്ള ഗ്രീൻ സോണിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതായി താലൂക്ക് തല വികസന സമിതി യോഗത്തിൽ ആശുപത്രി അധികൃതർ അറിയിച്ചു. മെഡിക്കൽ കോളേജിൽ സായാഹ്ന ഒ.പി ഇല്ലാത്ത സാഹചര്യത്തിൽ വൈകുന്നേരങ്ങളിൽ എത്തുന്ന രോഗികൾക്കായാണ് ഗ്രീൻ സോണിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതെന്ന് സൂപ്രണ്ട് അറിയിച്ചു. ഗ്രീൻ സോണിൽ അധിക ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും. മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
മെഡിക്കൽ കോളേജിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ക്യാഷ് കൗണ്ടർ ആരംഭിച്ചു. ഒ. പി കൗണ്ടറിൽ കൂടുതൽ ജീവനക്കാരുടെ സേവനം ഉറപ്പാക്കി പ്രവര്‍ത്തനം സുഗമമാക്കുമെന്നും യോഗത്തിൽ സൂപ്രണ്ട് പറഞ്ഞു. മെഡിക്കൽ കോളേജ് മൾട്ടിപർപ്പസ് ബ്ലോക്കിന് സമീപത്തെ റോഡ് പണി ഉടൻ ആരംഭിക്കും. മെഡിക്കൽ കോളേജ് പരിസരത്തെ ഉപയോഗ ശൂന്യമായ വാഹനങ്ങൾ ലേലം ചെയ്യാനുള്ള നടപടി പൂർത്തിയായതായും അധികൃതർ അറിയിച്ചു.
ഉന്നതികളിലെ 2960 വീടുകളിൽ വൈദ്യുത സുരക്ഷാ സംവിധാനം ഘടിപ്പിക്കുന്നതിനുള്ള പ്രവർത്തികൾ ആരംഭിച്ചതായി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസര്‍ യോഗത്തിൽ അറിയിച്ചു. പുളിഞ്ഞാൽ – വെള്ളമുണ്ട ബസ് റൂട്ടിലെ നിർത്തിവെച്ച സര്‍വീസ് പുനഃരാരംഭിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജലനിധി പദ്ധതിയിലൂടെ ലഭ്യമാക്കുന്ന ജലം പരിശോധിച്ച് ശുദ്ധത ഉറപ്പുവരുത്തണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് അധ്യക്ഷൻ യോഗത്തിൽ നിർദ്ദേശം നൽകി. കണിയാരം സ്വദേശിനിയുടെ വീടിന് അപകട ഭീഷണിയായി നിലനിൽക്കുന്ന ഇലക്ട്രിക്ക് പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ വികസന സമിതി യോഗത്തിൽ അടിയന്തര നിർദ്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, മാനന്തവാടി തഹസിൽദാർ എ.ജെ അഗസ്റ്റിൻ, വകുപ്പ് തല ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.