തുല്യതാ പഠിതാക്കൾക്ക് ബിരുദധാരികളാവാൻ അവസരമൊരുക്കി ജില്ലാ പഞ്ചായത്തിന്റെ പുതിയ പദ്ധതി. ഹയർ സെക്കൻഡറി തുല്യതാ വിജയികൾക്കായി സാക്ഷരതാ മിഷനുമായി കൈകോർത്ത് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ബിരുദ പഠന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. വി.പി ജഗതി രാജ് നിർവഹിച്ചു.
വിദ്യാഭ്യാസം സമൂഹത്തിലെ അസമത്വങ്ങൾക്കും അനീതിക്കുമെതിരെ പ്രതികരിക്കാൻ പ്രാപ്തരാക്കുന്ന ശക്തമായ ആയുധമാണെന്നും, അത് ജോലിക്ക് മാത്രമല്ല വ്യക്തിത്വ വികാസത്തിനും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാക്ഷരതാ മിഷന്റെ ഹയര്‍ സെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ച പഠിതാക്കള്‍ക്ക് ബിരുദ പഠനത്തിന് അവസരമൊരുക്കുന്ന നൂതന പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുകയാണ് ജില്ലാ പഞ്ചായത്ത്. സാക്ഷരതാ മിഷന്റെ സഹകരണത്തോടെ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് ബിരുദ പഠനം.
പഠനാവസരം വീണ്ടെടുത്ത് ഹയര്‍ സെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ചവർക്ക് സാമ്പത്തിക പരാധീനതയുടെ പേരില്‍ പഠനം മുടങ്ങരുതെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് തുടക്കം കുറിച്ചത്. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ബിരുദ കോഴ്സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്ന ജനറല്‍ വിഭാഗത്തിലെ പഠിതാക്കളുടെ 50 ശതമാനം ഫീസും പട്ടികജാതി വിഭാഗക്കാരുടെ 75 ശതമാനം ഫീസും പട്ടികവര്‍ഗ്ഗ പഠിതാക്കളുടെ 100 ശതമാനം ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും. പദ്ധതിയുടെ
ആദ്യ ഘട്ടത്തില്‍ 62 പേരാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ടാം ഘട്ടത്തില്‍ 138 പേര്‍ക്കാണ് അവസരം. കല്‍പ്പറ്റ ഗവ എന്‍.എം.എസ്.എം കോളേജ്, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കേളേജ് എന്നിവടങ്ങളില്‍ സമ്പർക്ക ക്ലാസുകള്‍ നല്‍കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ എം. മുഹമ്മദ് ബഷീർ, ഉഷ തമ്പി, സീത വിജയൻ, ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരൻ, സാക്ഷരത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ, ഓഫീസ് സ്റ്റാഫ് പി.വി ജാഫർ, കൽപ്പറ്റ എൻ.എം.എസ്.എം ഗവ.കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. വിനോദ് തോമസ് എന്നിവർ സംസാരിച്ചു.