ബെവ്‌കോയുടെ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി ആദ്യ ഒരുമാസം പൂർത്തിയാകുമ്പോൾ തിരിച്ചെത്തിയത് പകുതിയിലേറെ കുപ്പികൾ. 50.25% കുപ്പികൾ തിരിച്ചെത്തിയതായാണ് കണക്കുകൾ. ഇതുവരെ 766606 കുപ്പികളാണ് ബെവ്‌കോയ്ക്ക് ലഭിച്ചത്. 20 ഔട്ട്ലെറ്റുകളിൽ എത്തിയ കണക്കാണിത്.
ഒരുമാസം കൊണ്ട് വിറ്റ 15,25584 കുപ്പികളിൽ പകുതി തിരിച്ചെത്തി. പരീക്ഷണാടിസ്ഥാനത്തിൽ കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ 20 ഇടങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്. ഏറ്റവും കൂടുതൽ കുപ്പികൾ തിരികെയെത്തിയത് തിരുവനന്തപുരം ജില്ലയിലെ മുക്കോല ഔട്ട്ലെറ്റിലാണ്.
ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങുമ്പോൾ 20 രൂപ അധികം വാങ്ങുകയും കാലിക്കുപ്പി തിരികെ നൽകുമ്പോൾ പണം തിരിച്ചു നൽകുകയും ചെയ്യുന്നതാണ് പദ്ധതി. പരമാവധി കുപ്പികൾ എല്ലാവരും തിരികെ ഏൽപ്പിക്കണമെന്നും പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതിയെന്നും ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞിരുന്നു. ജനുവരി ഒന്ന് മുതൽ പൂർണ്ണ തോതിൽ പ്രാബല്യത്തിൽ വരുമെന്നും ക്ലീൻ കേരള കമ്പനിയുമായാണ് ബെവ്കോ ഇതിൽ സഹകരിച്ച് പ്രവർത്തിക്കുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു.