നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ദൈനംദിന സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ജനറേറ്ററും ട്രാൻസ്ഫോർമറും സ്പോർട്സ് ഇൻജുറി ക്ലിനിക്കും രാജ്യസഭാ എപിയും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റുമായ പത്മശ്രീ ഡോ. പിടി ഉഷ ഉദ്ഘാടനം ചെയ്തു. എം.പി ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ചാണ് 58.5 കെ.വി. ജനറേറ്ററും 100 കെ.വി.എ ട്രാൻസ്ഫോർമറും ലഭ്യമാക്കിയത്.
ഇതോടെ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ചികിത്സകൾക്കും പരിശോധനകൾക്കും നിരന്തര വൈദ്യുതി വിതരണം ഉറപ്പാക്കാൻ സാധിക്കും.
കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയതായി ആരംഭിച്ച സ്പോർട്സ് ഇഞ്ചുറി ക്ലിനിക്കിൽ വ്യായാമം മൂലവും കായികാധ്വാനംകൊണ്ടും സംഭവിക്കുന്ന പരിക്കുകളെ അതിവേഗം തിരിച്ചറിയാനും, കാര്യക്ഷമമായ ചികിത്സ നൽകാനും കഴിയും.
നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷയായ ചടങ്ങിൽ വൈസ് പ്രസിഡന്റ് എൻ.എ ഉസ്മാൻ, ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ്, കുടുംബാരോഗ്യ കേന്ദ്രം ജനറൽ സർജൻ ഡോക്ടർ ദാഹർ മുഹമ്മദ്, പ്രശാന്ത് മലവയൽ, ആരോഗ്യപ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.