സംസ്ഥാനത്തെ ആദ്യ വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതിയായ
കുടൽക്കടവ് – പാൽവെളിച്ചം ഭാഗത്ത് സ്ഥാപിച്ച ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജില്ലയുടെ ചിരകാല സ്വപ്നമായ തുരങ്ക പാത നിർമാണം ദ്രുത ഗതിയിൽ പുരോഗമിക്കുകയാണെന്നും
പാത പൂർത്തിയായാൽ വയനാടും മറ്റ് പ്രദേശങ്ങളും തമ്മിലുള്ള അകലം കുറയുകയും അടുപ്പം കൂടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് മെഡിക്കൽ കോളേജിൻ്റെ സ്ഥലത്തിന്റെ പേരിൽ തർക്കമുണ്ടാക്കാനാണ് പലരും ശ്രെമിക്കുന്നതെന്നും അത് നല്ല പ്രവണതയല്ലെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ പ്രധാന പ്രശ്നമാണ് മനുഷ്യ – വന്യജീവി സംഘർഷം. ജനങ്ങൾക്ക് സഹായകമാകുന്ന നിലപാടാണ് സർക്കാർ കൈക്കൊള്ളുന്നത്. പ്രത്യേക സാഹചര്യങ്ങളിൽ പ്രത്യേക നയം സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. ജനങ്ങളോടൊപ്പം നിന്ന് ജനങ്ങൾക്ക് വേണ്ടി നയം രൂപീകരിച്ച് അവർക്കൊപ്പം സഞ്ചരിക്കാൻ സർക്കാർ ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നതെന്നും അദേഹം പറഞ്ഞു.
സംസ്ഥാനത്തു തന്നെ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയായതിനാല്‍ കിഫ്ബി നിര്‍ദ്ദേശ പ്രകാരം സാങ്കേതിക വിദഗ്ദരുടെ കമ്മിറ്റി രൂപീകരിച്ചാണ് ഈ പദ്ധതിക്ക് അനുമതി നല്‍കിയത്. വന്യമൃഗ സംഘര്‍ഷം നേരിടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടേയും എംഎല്‍എമാരുടേയും യോഗത്തിലെടുത്ത തീരുമാന പ്രകാരമാണ് ആദ്യഘട്ടത്തില്‍ പാല്‍വെളിച്ചം മുതല്‍ കൂടല്‍ക്കടവ് വരെ പദ്ധതി നടപ്പിലാക്കിയത്.
മാനന്തവാടി നഗരസഭയിലെ 13, 14, 15 ഡിവിഷനുകളിലും തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലുമായി 4.56 കിലോമീറ്റർ ദൂരത്തിലാണ് ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ് പദ്ധതി നടപ്പിലാക്കിയത്. വനംവകുപ്പ് നേരിട്ടല്ലാതെ അക്രഡിറ്റ് ഏജൻസിയായ കേരള പോലീസ് ഹൗസിങ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി മുഖേനയാണ് പദ്ധതി പൂർത്തിയാക്കിയത്. പല തടസങ്ങളും തരണം ചെയ്‌ത് ജനപിന്തുണയോടെ പൂർത്തികരിക്കുകയായിരുന്നു. പദ്ധതി നടപ്പിൽ വരുത്തുന്നതിന് മുമ്പ് കാർഷിക പ്രവൃത്തികൾ നിർത്തിവെച്ച പ്രദേശത്ത് 90 ശതമാനം പ്രവൃത്തി പൂർത്തികരിച്ചപ്പോൾ തന്നെ കർഷകർ നെല്ല്, വാഴ തുടങ്ങിയ വിളകൾ ചെയ്തു തുടങ്ങി. ഈ ഭാഗത്ത് നിന്ന് മുൻകാലങ്ങളിൽ ഏകദേശം 2 കോടിയിലധികം രൂപ നഷ്ടപരിഹാരമായി വനം വകുപ്പ് അപേക്ഷകർക്ക് നൽകിയിട്ടുണ്ട്. കിഫ്ബി ഫണ്ട് 3.6 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി നിർവഹണം.
പട്ടികജാതി -പട്ടികവർഗ്ഗ – പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു അധ്യക്ഷനായ പരിപാടിയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി. അഞ്ജൻ കുമാർ, നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആർ. സന്തോഷ് കുമാർ, ബേഗൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്. രഞ്ജിത്ത് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു