കാസർകോട് മുതല്‍ തിരുവനന്തപുരം വരെ 45 മീറ്ററില്‍ ആറുവരിപ്പാതയായി വികസിപ്പിച്ച ദേശീയപാത, 2026ലെ പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.വിഷൻ 2031 പൊതുമരാമത്ത് വകുപ്പ് സെമിനാർ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
2016ല്‍ അധികാരത്തില്‍ വന്ന സർക്കാരും മുഖ്യമന്ത്രിയും നടത്തിയ ഇഛാശക്തിയോടെയുള്ള ഇടപെടലാണ് മലയാളിയുടെ ചിരകാല സ്വപ്നമായ ദേശീയപാത 66ന്റെ വികസനം സാധ്യമാക്കിയത്. സർക്കാർ അധികാരത്തില്‍ വരുമ്ബോള്‍ ദേശീയപാതയുടെ കാര്യത്തില്‍ രണ്ട് വഴികളാണ് മുമ്ബിലുണ്ടായിരുന്നത്. ഒന്നുകില്‍ പദ്ധതി ഉപേക്ഷിക്കുക, അല്ലെങ്കില്‍ ഫണ്ട് കണ്ടെത്തുക. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ദേശീയ പാത വികസനത്തിന് ഫണ്ട് കണ്ടെത്താൻ ഒരു സംസ്ഥാനം തീരുമാനിച്ചു. പദ്ധതി യാഥാർഥ്യമാക്കാൻ 5580 കോടി രൂപയാണ് സംസ്ഥാനം ചെലവഴിച്ചത്. കേരളത്തിന്റെ സമഗ്ര വികസനത്തിന് വഴിതുറക്കുന്ന ഒന്നായി ദേശീയപാത വികസനം മാറുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ ഏറ്റവും മികച്ച പശ്ചാത്തല സൗകര്യമുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തിലേക്കാണ് പൊതുമരാമത്ത് വകുപ്പ് ചുവടുവെക്കുന്നത്. സംസ്ഥാന രൂപീകരണത്തിന്റെ 75-ാം വാർഷികമായ 2031ല്‍ പശ്ചാത്തല വികസനത്തിൻ്റെ ഹബ്ബാക്കി കേരളത്തെ ഉയർത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ ഒമ്ബതര വർഷത്തിനിടെ വികസന മേഖലയില്‍ വൻ കുതിപ്പ് സൃഷ്ടിക്കാൻ നമുക്കായി. ഗ്രാമീണ മേഖലയില്‍ അടക്കം ബി എം – ബി സി റോഡുകള്‍ ഉള്ള അപൂർവ്വം ഇടങ്ങളില്‍ ഒന്നായി കേരളം മാറിയെന്നും മന്ത്രി പറഞ്ഞു.
താമരശ്ശേരി ചുരത്തിലെ മൂന്ന് ഹെയർപിൻ വളവുകള്‍ നവീകരിക്കാൻ പദ്ധതി നടപ്പാക്കിവരികയാണ്. ഈ സർക്കാർ അധികാരത്തില്‍ വന്ന ശേഷം റോഡ് വികസനപദ്ധതികള്‍ക്കു വേണ്ടി മാത്രം 35,000 കോടിയോളം രൂപ അനുവദിച്ചു. 8200 കിലോമീറ്ററിലേറെ റോഡുകള്‍ നവീകരിച്ചു. പകുതിയില്‍ അധികം പൊതുമരാമത്ത് റോഡുകള്‍ ബി എം – ബി സി നിലവാരത്തിലേക്ക് ഉയർത്തുമെന്ന പ്രഖ്യാപനവും നടപ്പിലാക്കി. മലയോര പാത, തീരദേശ പാത എന്നിവ പൂർത്തിയാക്കി കേരളത്തിന്റെ റോഡ്ശൃംഖലയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിനടുത്താണ് നമ്മള്‍ ഉള്ളതെന്നും മന്ത്രി പറഞ്ഞു.
നഗരങ്ങളില്‍ സ്മാർട്ട് റോഡുകള്‍ സജ്ജമാക്കി റോഡ് ഗതാഗതം കൂടുതല്‍ മെച്ചപ്പെടുത്താൻ കഴിഞ്ഞു. പൊതുമരാമത്തു വകുപ്പിൻ്റെ കീഴിലുള്ള നിരത്തുകള്‍ “സ്മാർട്ട് ഡിസൈൻ റോഡുകള്‍” ആയി നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കും. 2031 ഓടെ 100% റോഡുകളും ആധുനിക നിലവാരത്തിലേയ്ക്ക് ഉയർത്താൻ ലക്ഷ്യമിടുന്നു. സംസ്ഥാന പാതകള്‍ 4 വരി ഡിസൈൻ റോഡായും പ്രധാന ജില്ലാ റോഡുകള്‍ 2 വരി ഡിസൈൻ റോഡ് ആയും ഘട്ടം ഘട്ടമായി ഉയർത്തും. വാഹന ബാഹുല്യമുള്ള നഗരങ്ങളില്‍ പ്രധാന പാതകളില്‍ എലിവേറ്റഡ് ഹൈവേയും നിർമ്മിക്കും. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിന് റോഡ് ശൃംഖലയുടെ മാപ്പ് തയ്യാറാക്കാനും ഡിസൈൻ പോളിസിക്ക് അനുസൃതമായി വികസിപ്പിക്കാനും ലക്ഷ്യമിടുന്നു. ആദിവാസി മേഖലയിലെ സമഗ്ര റോഡ് കണക്റ്റിവിറ്റി വിവിധ വകുപ്പുകളുമായി ചേർന്ന് യാഥാർഥ്യമാക്കും. പ്രധാന നഗരങ്ങളില്‍ സ്മാർട്ട് റോഡുകള്‍ എന്ന ലക്ഷ്യം നടപ്പിലാക്കും.
റോഡ് പരിപാലനത്തിന് ഊന്നല്‍ നല്‍കി റണ്ണിംഗ് കോണ്‍ട്രാക്‌ട് പദ്ധതി പ്രധാന ചുവടുവെപ്പാണ്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നിരത്ത് പരിപാലനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
നൂറ് പാലങ്ങള്‍ പൂർത്തിയാക്കുമെന്ന പ്രഖ്യാപനം മൂന്ന് വർഷം കൊണ്ട് സാധ്യമാക്കി. ഇപ്പോള്‍ നൂറ്റി അമ്ബതിലേക്ക് എത്തിയിരിക്കുന്നു. നൂറ് പാലങ്ങളുടെ പ്രവൃത്തി തുടരുന്നു. കേരളത്തിൻ്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റെയില്‍വെ മേല്‍പ്പാലങ്ങള്‍ പൂർത്തിയാക്കാൻ ആയത് അഭിമാനകരമായ നേട്ടമാണ്. മാറ്റങ്ങള്‍ പരമാവധി വേഗത്തില്‍ നടപ്പാക്കാനാണ് സർക്കാർ ശ്രമമെന്നും സുതാര്യത ഉറപ്പുവരുത്തിയുള്ള പ്രവർത്തനങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചുവെന്നും
മന്ത്രി കൂട്ടിച്ചേർത്തു.