നാടിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിര്‍മിച്ച് എടവക ഗ്രാമ പഞ്ചായത്തിന് കൈമാറിയ കല്ലോടി ടോയ്ലറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ബ്ലോക്ക് പഞ്ചായത്തിന്റെ കനിവ് സഞ്ചരിക്കുന്ന സാന്ത്വന പരിപാലനം, സഞ്ചരിക്കുന്ന മൃഗാശുപത്രി, ഷീ ലോഡ്ജ് തുടങ്ങിയ പദ്ധതികൾ ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുള്ളവയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മൂളിത്തോടിൽ ബഡ്‌സ് സ്കൂൾ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മാനന്തവാടി തലശ്ശേരി റോഡിന് സമീപം വിശാലമായ ടേക്ക് എ ബ്രേക്ക് വിശ്രമ മന്ദിരം, വനിത സമുച്ചയം എന്നിവയുടെ നിര്‍മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. വികസനം നേട്ടങ്ങൾ കൈവരിക്കുന്നതിനായി എല്ലാ ജനപ്രതിനിധികളും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ നേട്ടങ്ങളെന്നും മന്ത്രി പറഞ്ഞു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായ പരിപാടിയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, ജില്ലാ പഞ്ചായത്ത് അംഗം കെ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.വി വിജോൾ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി. കല്യാണി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ, എടവക ഗ്രാമപഞ്ചായത്ത് അംഗം ജംസീറ ഷിഹാബ്, ജനപ്രതിനിധികൾ, നാട്ടുകാര്‍ എന്നിവർ പങ്കെടുത്തു.