മാനന്തവാടി: മാനന്തവാടി ടൗണിലെ മൈസൂർ റോഡ് ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിൽ. രാത്രി ഏഴ് മണി കഴിഞ്ഞാൽ എട്ടും പത്തും നായ്ക്കൾ അടങ്ങുന്ന സംഘങ്ങൾ റോഡ് കയ്യടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഇത് വലിയ ഭീഷണിയായി മാറിയിട്ടുണ്ട്.
ജോലികഴിഞ്ഞ് മടങ്ങുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ റോഡിലൂടെ നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. വാഹനങ്ങൾക്ക് കുറുകെ നായ്ക്കൾ ചാടുന്നത് അപകടങ്ങൾക്കും വഴിവെക്കുന്നു. സമീപത്തെ വ്യാപാരികളും തെരുവുനായ ശല്യത്താൽ പൊറുതിമുട്ടിയിരിക്കുകയാണ്.
കുറച്ചുനാൾ മുൻപ് എൽ.എഫ്. യു.പി. സ്കൂളിന് സമീപം വെച്ച് രണ്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. എന്നിട്ടും, പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. മറ്റെന്തെങ്കിലും വലിയ അപകടം സംഭവിച്ചതിന് ശേഷം നടപടിയെടുക്കാൻ കാത്തിരിക്കുകയാണോ എന്നും അവർ ചോദിക്കുന്നു.
അടിയന്തരമായി ഇടപെട്ട് തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്നും സുരക്ഷിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും നാട്ടുകാർ ശക്തമായി ആവശ്യപ്പെട്ടു.








