തലച്ചോറിലേക്ക് ആവശ്യമായ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് സ്‌ട്രോക്ക് അല്ലെങ്കില്‍ പക്ഷാഘാതം ഉണ്ടാകുന്നത്. രക്തക്കുഴലുകളിലെ തടസ്സമോ തലച്ചോറിലുണ്ടാകുന്ന രക്തസ്രാവമോ സ്‌ട്രോക്കിന് കാരണമാകാം. ലോകമെമ്പാടും സംഭവിക്കുന്ന മരണങ്ങളില്‍ രണ്ടാമത്തെ പ്രധാനകാരണങ്ങളിലൊന്നാണ് ഇത്. സ്‌ട്രോക്ക് ഏത് പ്രായത്തിലുള്ളവരെയും ബാധിക്കാം. തലച്ചോറിന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത് എന്നതനുസരിച്ച് സ്ട്രാക്കിന് വ്യത്യസ്ത ലക്ഷണങ്ങളാണ് ഉണ്ടാവാറുള്ളത്. എങ്കിലും സാധാരണ സംഭവിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. സ്ട്രാക്കിന്റെ ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തി രോഗിക്ക് വേണ്ട ചികിത്സ നല്‍കിയാല്‍ അവര്‍ അതിജീവിക്കാനുള്ള സാധ്യതയുണ്ട്. സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നതാണ് പലപ്പോഴും ചികിത്സ വൈകിപ്പിക്കുന്നത്.
സ്‌ട്രോക്ക് വരാനുള്ള കാരണങ്ങള്‍
സ്‌ട്രോക്ക് ഒരു ജീവിതശൈലീ രോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ കുറവ്, മോശമായ ആഹാരക്രമം, അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, മാനസിക സമ്മര്‍ദ്ദം കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് ഇവയൊക്കെ സ്‌ട്രോക്കിന് കാരണമാകാം. ഇതോടൊപ്പം ഹാര്‍ട്ട് അറ്റാക്ക് വന്നവരിലും ഹൃദയ സംബന്ധമായ തകരാറുകള്‍ ഉള്ളവരിലും ഹൃദയമിടിപ്പ് ക്രമമല്ലാത്തവരിലും ഒക്കെ സ്‌ട്രോക്ക് ഉണ്ടാകാവുന്നതാണ്. പാരമ്പര്യവും സ്‌ട്രോക്ക് ഉണ്ടാകുന്നതിന് ഒരു ഘടകമാണ്.








