നൂറ്റാണ്ടുകളായി മുടിക്കും തുണികൾക്കുമുൾപ്പെടെ നിറം നൽകാനും കൈകളില്‍ പല മോഡലുകളിൽ സുന്ദരമായ ചിത്രങ്ങൾ വരയ്ക്കാനുമൊക്കെ ഉപയോഗിച്ചിരുന്ന മൈലാഞ്ചിയെ കുറിച്ചൊരു വമ്പൻ കണ്ടെത്തലാണ് ജപ്പാനിലെ ഗവേഷകർ നടത്തിയിരിക്കുന്നത്. ഹെന്ന അഥവാ മൈലാഞ്ചിയിൽ നിന്നും സംസ്‌കരിച്ചെടുക്കുന്ന ലോസോനിയ ഇനർമിസ് എന്ന സംയുക്തം കരളുമായി ബന്ധപ്പെട്ട അസുഖത്തിന് മികച്ച പരിഹാരമാണെന്നാണ് ജപ്പാനിലെ ഒസാക്കാ മെട്രോപൊളിറ്റൻ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ലിവർ ഫൈബ്രോസിസ് എന്ന അപകടകരമായ അവസ്ഥയ്ക്ക് വലിയൊരു പരിഹാരമാണ് മൈലാഞ്ചി എന്നാണ് കണ്ടെത്തൽ. എലികളിൽ നടത്തിയ പരീക്ഷണത്തിലാണ് ഈ കണ്ടെത്തൽ.
ചികിത്സിച്ചില്ലെങ്കിൽ കാൻസറോ കരൾ പ്രവർത്തനരഹിതമാകാനോ കാരണമായേക്കാവുന്ന ഈ അവസ്ഥ (ലിവർ ഫൈബ്രോസിസ്) അമിത മദ്യപാനം, ഫാറ്റിലിവർ എന്നിവ മൂലമാണ് ഉണ്ടാകുന്നത്. പ്രകൃതിദത്തവും ഒരു സസ്യത്തെ അടിസ്ഥാനമാക്കിയുള്ള തെറാപ്പിയിലൂടെ ലിവറിനുണ്ടായ പ്രശ്‌നം പൂർണമായും സുഖപ്പെടുത്താൻ കഴിയും എന്നാണ് പുതിയ കണ്ടെത്തലില്‍ പറയുന്നത്. ആയിരക്കണക്കിന് ആളുകളാണ് നിലവിൽ ഈ രോഗം മൂലം ബുദ്ധിമുട്ടുന്നത്. മദ്യപാനം, ഫാറ്റി ലിവർ, ഹെപ്പറ്റൈറ്റിസ് എന്നിവ മൂലം കരളിനുണ്ടാകുന്ന ക്ഷതം അത് സ്വയം തന്നെ മറികടക്കാൻ ശ്രമിക്കും. പക്ഷേ ഇത്തരം പ്രവർത്തനം ആവർത്തിക്കുന്നത് ഫൈബറസ് സ്‌കാർ ടിഷ്യു ഉണ്ടാവാൻ കാരണമാകും. ഇത് ആരോഗ്യമുള്ള കരൾ കോശങ്ങളെ ഇല്ലാതാക്കും. ഈ അവസ്ഥ ചികിത്സയ്ക്കാതെയിരുന്നാൽ അവസാനം കരൾ പണിമുടക്കും. കരൾ കാൻസറിനും കാരണമാകാം. ലോക ജനസംഖ്യയിൽ മൂന്നു മുതൽ നാലു ശതമാനം പേർ ഈ അവസ്ഥ മൂലം ബുദ്ധിമുട്ടുന്നുണ്ട്. നിലവിലുള്ള ചികിത്സാ രീതിയിൽ ഈ അവസ്ഥയെ നിയന്ത്രിച്ച് നിർത്തുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പുത്തൻ കണ്ടുപിടിത്തതിന്റെ പ്രാധാന്യം വർധിക്കുന്നത്.
 
								 
															 
															 
															 
															







