മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ദിവസേന പുത്തൻ അപ്‌ഡേറ്റുകളുമായി ഉപയോക്താക്കളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ആൻഡ്രായിഡ്, ഐഒഎസ് ഫോണുകളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഈ ആപ്ലിക്കേഷൻ ഇനി ആപ്പിൾ വാച്ചുകളിലും പ്രവർത്തിക്കുമെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ പരീക്ഷണ ഘട്ടങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ആപ്പിളിന്റെ ടെസ്റ്റ് ഫൈറ്റിൽ ബീറ്റാ യൂസർമാർക്കാണ് നിലവിലിത് ലഭ്യമാകുക.
വാട്‌സ്ആപ്പ് ആപ്പിൾ വാച്ച് ആപ്പിൽ യുസർമാർക്ക് മെസേജ് വായിക്കാം, പെട്ടെന്ന് റിപ്ലൈ അയക്കാം, ഇമോജികൾ ഉപയോഗിച്ച് റിയാക്ട് ചെയ്യാം ഒപ്പം വോയിസ് മെസേജുകളും അയക്കാം. അതും കൈത്തണ്ടയിൽ കെട്ടിയ വാച്ചിലൂടെ എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. വീട്ടിൽ ഫോൺ വച്ച് നടക്കാനും ഓടാനും വർക്ക്ഔട്ടിനും പോകുന്നവർക്കാണ് ഇത് കൂടുതൽ ഉപയോഗപ്രദമാകുക.
ഐഫോൺ കണക്ട് ചെയ്യാതെ തന്നെ ഒരു തടസവുമില്ലാതെ ആശയവിനിമയം നടത്താൻ ഈ പുത്തൻ സംവിധാനത്തിലൂടെ കഴിയും. ഒരു മെസേജ് വരുന്ന അതേസമയം തന്നെ റിപ്ലൈ ചെയ്യാൻ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെറിറ്റ്.
ഫോൺ ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഈ സംവിധാനം ആശയവിനിമയം നടത്താന്‍ സഹായമാകുകയും ചെയ്യും. നിലവിൽ ഇതിന്റെ പരീക്ഷണങ്ങൾ നടക്കുന്നതിനാൽ എന്നാണ് ഇത് പുറത്തിറക്കുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സ്മാർട്ട്‌ഫോണുകളിലല്ലാതെ ആശയവിനിമയം നടത്താൻ സാധിക്കുന്ന സംവിധാനങ്ങൾ കൊണ്ടുവരാനുള്ള മെറ്റയുടെ വിപുലമായ തന്ത്രങ്ങളുടെ ഭാഗമാണ് ആപ്പിൾ വാച്ച് എക്കോസിസ്റ്റത്തിലേക്കുള്ള വാട്‌സ്ആപ്പിന്റെ പ്രവേശനം.








