പൊഴുതന: ‘ഓര്‍മകള്‍ ഓടി കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍, മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍’ സേട്ടുക്കുന്ന് സ്വദേശിയായ ചാണ്ടി ആന്റണിയില്‍ നിന്നൊഴുകിയ ഗാനം അത്തിമൂല പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ അലയടിച്ചപ്പോള്‍ ചാണ്ടിക്കു ചുറ്റുമുള്ള വയോജനങ്ങള്‍ പഴയ ഓര്‍മകളെ തിരികെ വിളിച്ചു. ഒപ്പം പാടിയും ആടിയും കൈയടിച്ചും അവര്‍ പ്രായത്തെ മറന്നപ്പോള്‍ ഓര്‍മകള്‍ക്കൊപ്പം പഴയ ചുറുചുറുക്കും ആവേശവും ആഹ്‌ളാദവുമെല്ലാം അവരിലേക്ക് ചേക്കേറി. ഗാനത്തിന്റെ ആവേശത്തില്‍ ചാണ്ടി ആന്റണിയുടെ പ്രിയ പത്‌നി ടി.പി. മേരിയും മൈക്ക് വാങ്ങി പാടാനാരംഭിച്ചു. ചങ്ങമ്പുഴയുടെ ‘ആരു വാങ്ങും ഇന്നാരു വാങ്ങും, ഈ ആരാമത്തിന്റെ രോമാഞ്ചം, അപ്രമേയ വിലാസലോലയാം സുപ്രഭാതത്തിന്‍ സുസ്മിതം.’ അവര്‍ ആസ്വദിച്ചു പാടി. ആ പാട്ട് നിലച്ചതും മൈക്ക് വേറെയൊരാള്‍ ഏറ്റുവാങ്ങി. ഒരാളുടെ പാട്ട് മറ്റൊരാള്‍ ഏറ്റെടുത്തു കൊണ്ടിരുന്നപ്പോള്‍ മറവിയിലായിരുന്ന പഴയ പാട്ടുകളും കവിതകളും അവിടെ മുഴങ്ങി. മറവിയെ അടുപ്പിക്കാതെ തലച്ചോറിന്റെ ഏതോ കോണില്‍ ഒളിപ്പിച്ച വെച്ച പാട്ടുകളും കവിതകളും ഒരു വരി പോലും തെറ്റാതെ അവരോരുത്തരും പാടികൊണ്ടിരുന്നു.
വയനാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ വയോജന സംഗമം ‘വയോ ഘോഷം’ ആണ് ഉത്സവാന്തരീക്ഷത്തില്‍ നടന്നത്. വാര്‍ദ്ധക്യത്തിന്റെ അവശതകളും ആകുലതകളും മറന്ന് 150-ഓളം വയോജനങ്ങള്‍ ഉല്ലസിച്ചു. പരിപാടി തുടങ്ങും മുമ്പേ ഹാളില്‍ എത്തിയ അവര്‍ നാട്ടുവര്‍ത്തമാനവും ഓര്‍മകള്‍ പങ്കുവെക്കലും സൗഹൃദം പുതുക്കലും തുടങ്ങിയിരുന്നു. തുടര്‍ന്ന് നടത്തിയ കളികളിലും വിനോദ പരിപാടികളിലും അവരെല്ലാവരും മടികൂടാതെ ആവേശത്തോടെ പങ്കെടുത്തു. മുട്ടുവേദന കൂസാതെ നിലത്ത് കുത്തിയിരുന്ന് മുത്തശ്ശന്മാരും മുത്തശ്ശികളും ഗോലി കളിച്ചും, ബലൂണ്‍ പൊട്ടിച്ചും പൊട്ടിച്ചിരിച്ചും കുട്ടികളായികൊണ്ടിരുന്നു. സിവില്‍ പോലീസ് ഓഫിസര്‍ വിനോദിന്റെ അടിപൊളി പാട്ടുകള്‍ക്കൊപ്പം അവര്‍ പിഴക്കാത്ത ചുവടുകള്‍ വെച്ചു.
പരിപാടി വയനാട് ജില്ലാ അഡി. എസ്.പി എന്‍.ആര്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. വയോജനങ്ങളോരോരുത്തരും ഓരോ പുസ്തകങ്ങളാണെന്നും അനുഭവ സമ്പത്തുകളാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വൈത്തിരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ആര്‍. എന്‍ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. റിട്ട. എസ്.പി പ്രിന്‍സ് എബ്രഹാം മുഖ്യാതിഥിയായി പങ്കെടുക്കുകയും ബോധവല്‍ക്കരണ ക്ലാസെടുക്കുകയും ചെയ്തു. 80 വയസ് കഴിഞ്ഞവരെ യോഗത്തില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ജനമൈത്രി ജില്ലാ അസി. നോഡല്‍ ഓഫിസര്‍ കെ.എം. ശശിധരന്‍, എസ്.പി.സി പ്രൊജക്ട് ജില്ലാ അസി. നോഡല്‍ ഓഫിസര്‍ കെ. മോഹന്‍ദാസ്, പൊഴുതന പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു, പഞ്ചായത്തംഗങ്ങളായ എം.എം. ജോസ്, ഷാഹിന ഷംസുദ്ദീന്‍, വയോജന കൂട്ടായ്മ സെക്രട്ടറി മൊയ്തീന്‍, പ്രസിഡന്റ് വിശ്വനാഥന്‍, സി.കെ. ശിവരാമന്‍, പ്രൊജക്ട് അസിസ്റ്റന്റ് ടി.കെ ദീപ, സിവില്‍ പോലീസ് ഓഫിസര്‍ വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.








