കൊച്ചി: മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി. ശേഷം മാത്രമേ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്ത് നൽകുന്നതിൽ അധികൃതർ തീരുമാനം എടുക്കാവൂവെന്ന് ഹൈക്കോടതി നിർദേശിച്ചു.
ആദ്യഭാര്യ എതിർപ്പറിയിച്ചാൽ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്ത് നൽകരുത്. വിവാഹത്തിൻ്റെ നിയമ സാധുത ശരീഅത്ത് നിയമ പ്രകാരം ബന്ധപ്പെട്ട കോടതിയിൽ നിന്ന് സ്ഥാപിച്ചെടുക്കാം. ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങൾക്കാണ് മത അവകാശത്തേക്കാൾ പ്രാധാന്യം. രണ്ടാം വിവാഹത്തെ എതിർക്കുന്ന സ്ത്രീകളുടെ വൈകാരികത അവഗണിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇസ്ലാം മത വിശ്വാസി നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റേതാണ് ഉത്തരവ്.








