കണ്ണൂര്‍ : ശ്വാസനാളിയില്‍ ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ച 26 വയസ്സുകാരിക്ക് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരായി പൂര്‍ത്തീകരിച്ചു. വലത് ശ്വാസകോശത്തിന്റെ മധ്യ അറയിലെ ശ്വാസനാളിയിലാണ് ട്യൂമര്‍ ബാധിച്ചത്. സാധാരണഗതിയില്‍ ഇത്തരം ശസ്ത്രക്രിയ നിര്‍വ്വഹിക്കുമ്പോള്‍ ശ്വാസനാളിയിലെ രോഗബാധിതമായ ഭാഗത്തോടൊപ്പം തന്നെ രോഗം ബാധിച്ചിരിക്കുന്ന ഭാഗത്തെ ശ്വാസകോശത്തിന്റെ അറയെയും നീക്കം ചെയ്യേണ്ടി വരാറുണ്ട്. ശ്വാസനാളി മാത്രമായി നീക്കം ചെയ്യുക എന്നത് അതീവ ദുഷ്‌കരവും പ്രത്യേക വൈദഗ്ദ്ധ്യവും ആവശ്യമായ ശസ്ത്രക്രിയാ രീതിയാണ്.
രോഗിയുടെ പ്രായവും തുടര്‍ ജീവിതം ആരോഗ്യപൂര്‍ണ്ണമായി നിലനിര്‍ത്താനുള്ള സാധ്യതയും പരിഗണിച്ചാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഓങ്കോസര്‍ജന്‍ ഡോ.അബ്ദുള്ള കെ. പി യുടെ നേതൃത്വത്തില്‍ ശ്വസകോശ അറകള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ശസ്ത്രക്രിയയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്. സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തിന് പുറമെ പള്‍മണോളജി വിഭാഗം ഡോ അവിനാഷ് മുരുഗൻ, അന്‌സതീസിയ വിഭാഗം ഡോ ലാവണ്യ നഴ്സിംഗ് വിഭാഗം ഷെറിൻ, രമ്യ, ജോസ്ന തുടങ്ങിയവർ ശസ്ത്രക്രിയയ്ക് നേതൃത്വം നൽകി.








