കൽപ്പറ്റ: വോട്ടർ പട്ടികയുടെ തീവ്രപുന:പരിശോധന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന ബൂത്ത് ലെവൽ ഓഫീസർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മേൽ അധിക സമ്മർദ്ദം അടിച്ചേൽപ്പിക്കുന്നുവെന്ന് എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റി ആരോപിച്ചു.
അതിസൂക്ഷ്മതയോടെ ചെയ്യേണ്ട പ്രവൃത്തിക്ക് മതിയായ സമയം നൽകാതെ വനിതകൾ ഉൾപ്പെടെയുള്ളവർ വലിയ സമ്മർദ്ദത്തിലാണ്. രണ്ട് ഇലക്ഷൻ ജോലികൾ ഒരേ സമയം കൈകാര്യം ചെയ്യേണ്ടി വരുന്ന വകുപ്പിലെ ജീവനക്കാർ പ്രയാസം അനുഭവിക്കുകയാണ്.
പകൽ മുഴുവൻ കുന്നും മലയും താണ്ടി വീട് കയറി കഴിഞ്ഞ് ഉന്നതികളിൽ പകൽ സമയങ്ങളിൽ ആളുകൾ ഇല്ലാതെ വരുന്ന സാഹചര്യത്തിൽ രാത്രി കാലങ്ങളിൽ പോലും ജോലി ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അമ്മമാരായിട്ടുള്ളവർക്ക് കുട്ടികളെ പോലും നോക്കാൻ കഴിയാതെ വരുന്ന സാഹചര്യവും ഉണ്ട്.
മുമ്പുണ്ടായിരുന്ന ബി.എൽ.ഒ മാരേ മാറ്റി സർക്കാർ ജീവനക്കാരെ മാത്രം ബിഎൽ.ഒ മാരായി നിയമിച്ചത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയെന്നും, 1000 ത്തിലധികം വോട്ടർമാരുള്ള ബൂത്തിൽ രണ്ട് ബി.എൽ.ഒ മാരെ നിയമിച്ച് പ്രശ്നം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ കെ.റ്റി. ഷാജി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ സി.വിഷ്ണുദാസ്, കെ.എ മുജീബ്, ജില്ലാ സെക്രട്ടറി പി.ജെ ഷൈജു ട്രഷറർ സീ.ജി. ഷിബു എന്നിവർ സംസാരിച്ചു.








