തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നു പ്രഖ്യാപിക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ ഹിയറിങ്ങ് നടത്തിയിരുന്നു. രണ്ടു ദിവസത്തിനകം തീരുമാനം എടുക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെയും, വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയ സിപിഎം പ്രവര്‍ത്തകന്‍ ധനേഷ് കുമാറിന്റെയും വാദങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേട്ടു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്റെ ഓഫീസില്‍ ഹിയറിങ് രണ്ടര മണിക്കൂറോളം നീണ്ടു.
വോട്ടര്‍ പട്ടികയില്‍ നിന്നു പേരു നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസറും മറ്റ് അധികൃതരും പ്രവര്‍ത്തിച്ചതെന്ന് വൈഷ്ണയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്ന് തീരുമാനം ഇന്ന് ഉച്ചയ്ക്കു മുന്‍പ് പ്രഖ്യാപിക്കുമെന്ന് ഇരു ഭാഗത്തെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നിയമത്തിലും കമ്മീഷനിലും വിശ്വാസമുണ്ടെന്നും പ്രചാരണം തുടരുമെന്നും വൈഷ്ണ പറഞ്ഞു.








