മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 44-ാമത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നാളെ (നവംബർ 22) സമാപിക്കും. വൈകിട്ട് 4.30ന് നടക്കുന്ന
സമാപന പരിപാടി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഉദ്ഘാടനം ചെയ്യും. നിലവിൽ 729 പോയിന്റുകളോടെ മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനത്തും 675 പോയിന്റുകളോടെ സുൽത്താൻ ബത്തേരി ഉപജില്ല രണ്ടാം സ്ഥാനത്തും 674 പോയിന്റുകളോടെ വൈത്തിരി ഉപജില്ല മൂന്നാം സ്ഥാനത്തുമാണുള്ളത്. സ്കൂൾ തലത്തിൽ 145 പോയിൻ്റുകളോടെ മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്തും 110 പോയിന്റുമായി പിണങ്ങോട്
ഡബ്ല്യൂ.ഒ.എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും 103 പോയിന്റുമായി മാനന്തവാടി ജി.വി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തും തുടരുകയാണ്.
മൂന്നൂറിലധികം മത്സരയിനങ്ങളിൽ മൂവായിരത്തോളം കലാ പ്രതിഭകളാണ് റവന്യൂ ജില്ലാ കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. കായാമ്പൂ, കനലി, കെത്തളു, കനവ്, കബനി, കാളിന്ദി,കാവ്, കമ്പള എന്നിങ്ങനെ എട്ട് വേദികളിലായി ഇന്ന് (നവംബർ 22) പദ്യം ചൊല്ലൽ, ഗാനാലാപനം, പ്രസംഗം, കഥാകഥനം, പാഠകം, ചമ്പു പ്രഭാഷണം, അഷ്ടപദി, ഗദ്യപാരായണം, സിദ്ധരൂപോച്ചാരണം, അക്ഷരശ്ലോകം, കാവ്യകേളി, ഓട്ടൻതുള്ളൽ, കഥകളി, അറബനമുട്ട്,
ദഫ്മുട്ട്, പരിചമുട്ടുകളി, മാർഗംകളി, പൂരക്കളി, ചവിട്ടുനാടകം, ചെണ്ടമേളം, ചെണ്ട, ചെണ്ട തായമ്പക, മലപ്പുലയാട്ടം, സംഘഗാനം, ഗസൽ, വൃന്ദവാദ്യം, ദേശഭക്തിഗാനം, വഞ്ചിപ്പാട്ട്, തബല, ഓടക്കുഴൽ, ഗിത്താർ പാശ്ചാത്യം, ക്ലാർനെറ്റ്/ ബ്യൂഗിൾ, വയലിൻ പാശ്ചാത്യം, വയലിൻ ഓറിയന്റൽ, വയലിൻ പൗരസ്ത്യം, ട്രിപ്പിൾ ജാസ്, മാപ്പിളപ്പാട്ട്, മൃദംഗം, മദ്ദളം, നാദസ്വരം എന്നീ മത്സരങ്ങൾ നടക്കും.
സമാപന പരിപാടിയിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസ് അധ്യക്ഷനാകും. സബ് കളക്ടർ അതുൽ സാഗർ, 2025 കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ജോൺസൺ ഐക്കര, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.വി മൻമോഹൻ, മാനന്തവാടി നഗരസഭ സെക്രട്ടറി അനിൽ രാമകൃഷ്ണൻ, കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ ഹസീന,
എ.ഇ.ഒമാരായ എം. സുനിൽകുമാർ, ടി. ബാബു, ബി.ജെ ഷിജിത, മാനന്തവാടി ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ പി.സി തോമസ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ കെ.കെ ജിജി, മാനന്തവാടി ജി.വി.എച്ച്.എസ്.എസ്
വൈസ് പ്രിൻസിപ്പൽ കെ.കെ സുരേഷ് കുമാർ എന്നിവർ പങ്കെടുക്കും.








