കോഴിക്കോട് നിന്നു ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ഭാരതി ബസിലെ ഡ്രൈവർ മദ്യലഹരിയിൽ ബസ് ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ പരാതിപ്പെട്ടപ്പോൾ എല്ലാവരെയും ബസ് ഇടിപ്പിച്ച് കൊല്ലുമെന്ന് ഡ്രൈവറുടെ ഭീഷണി. ബസിലെ ക്ലീനർ മദ്യലഹരിയിൽ ഡ്രൈവറുടെ ക്യാബിനിൽ കിടന്നുറങ്ങുന്നതും യാത്രക്കാർ പകർത്തിയ മൊബൈൽ വിഡിയോ ദൃശ്യങ്ങളിൽ കാണാം.
ഞായറാഴ്ച മൈസൂരുവിൽ എത്തുന്നതിനു മുൻപാണ് ബസിന്റെ ഓട്ടത്തിൽ ചില അപാകതകൾ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇത് ഡ്രൈവറോട് ചോദിച്ചപ്പോഴാണ് യാത്രക്കാർക്കെതിരെ കയർത്ത ഡ്രൈവർ ബസ് യാത്രക്കാരെ വാഹനം എവിടെയെങ്കിലും ഇടിപ്പിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. യാത്രക്കാർ ദൃശ്യങ്ങൾ പകർത്തുന്നത് തടയാൻ ക്യാബിനിലെയും ബസിനുള്ളിലെയും ലൈറ്റുകൾ ഡ്രൈവർ പൂർണമായും അണയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മൈസൂരു ടോൾ പ്ലാസയ്ക്കു സമീപം വണ്ടി നിർത്തിയപ്പോൾ യാത്രക്കാർ വാഹനം ഓടിക്കേണ്ടെന്ന് പറയുകയായിരുന്നു. ഇതിനിടെ ക്യാബിനിൽ ഉണ്ടായിരുന്ന മദ്യക്കുപ്പിയുമായി ഡ്രൈവർ ബസിൽനിന്ന് ഇറങ്ങി ഓടിയതായും യാത്രക്കാർ പറയുന്നു.
വളരെ വൈകിയാണ് പിന്നീട് ബസിന്റെ സർവീസ് പുനരാരംഭിക്കാനായത്. സമൂഹമാധ്യമങ്ങളിലും മറ്റും ഈ ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും തുടർദിനങ്ങളിലും ഇതേ ഡ്രൈവറെ വച്ചാണ് ഈ ബസ് കമ്പനി സർവീസ് നടത്തിയത്. ഞായറാഴ്ച ബസിൽ യാത്ര ചെയ്തവരിൽ ചിലർ ട്രാവൽസിന്റെ ഈ നടപടിക്കെതിരെ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണെന്നാണ് വിവരം.








