വോട്ടെടുപ്പ് സമയം
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് സമയക്രമം സമ്മതിദായകർ ശ്രദ്ധിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം 6 വരെ പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാനെത്തിയ മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം നൽകും.ക്യൂവിൽ നിൽക്കുന്നവരെ പരിഗണിക്കും
വോട്ടെടുപ്പ് അവസാനിപ്പിക്കാൻ നിശ്ചയിച്ച സമയത്തിന് പോളിങ് സ്റ്റേഷനിൽ ക്യൂവിൽ നിൽക്കുന്ന എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. ഇവർക്ക് പ്രിസൈഡിങ് ഓഫീസർ ഒപ്പിട്ട സ്ലിപ്പ് നൽകും. ഏറ്റവും അവസാനത്തെ ആൾക്ക് ഒന്ന് എന്ന ക്രമത്തിലാണ് സ്ലിപ് നൽകുക. വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിനുള്ള സമയം കഴിഞ്ഞാലും ക്യൂവിലുള്ള സമ്മതിദായകർ എല്ലാവരും വോട്ട് ചെയ്തു കഴിയുന്നതു വരെ വോട്ടെടുപ്പ് തുടരും.ഒന്നിലധികം വോട്ട് കുറ്റകരം
ഏതെങ്കിലും കാരണവശാൽ ഒരാളുടെ പേര് ഒന്നിലധികം വോട്ടർപട്ടികകളിലോ, ഒരു വോട്ടർപട്ടികയിൽ തന്നെ ഒന്നിലധികം പ്രാവശ്യമോ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഒരു വോട്ട് മാത്രമേ ചെയ്യാൻ പാടുള്ളൂ. ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും അയാൾ ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരമാണ്.
തടവും പിഴയും ലഭിക്കുന്ന കുറ്റം
അതുപോലെ വോട്ടു ചെയ്യാൻ ഹാജരാകാത്തവരുടെയും മരണപ്പെട്ടവരുടെയും സ്ഥലത്തില്ലാത്തവരുടെയും വോട്ട് ആൾമാറാട്ടത്തിലൂടെ രേഖപ്പെടുത്തുന്നവർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കുന്നതാണ്. അത്തരം കുറ്റക്കാരെ പോലീസിന് കൈമാറുന്നതാണ്. കുറ്റക്കാരൻ ഭാരതീയ ന്യായസംഹിതയിലെ 174 വകുപ്പ് പ്രകാരം ഒരു വർഷം വരെ തടവുശിക്ഷയ്ക്കും പിഴശിക്ഷയ്ക്കും അർഹനാണ്.








